| Thursday, 26th June 2025, 4:33 pm

ചരിത്ര നിമിഷം; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ശുഭാംശു ശുക്ല അടങ്ങുന്ന ബഹിരാകാശ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.

ആക്‌സിയം- ഫോര്‍ ദൗത്യമാണ് ശുഭാംശു അടമുള്ള നാലംഗ സംഘത്തെ നയിച്ചുകൊണ്ട് ബഹിരാകാശ നിലയത്തിലെത്തിയത്. 14 ദിവസം നീണ്ട് നില്‍ക്കുന്നതാണ് സംഘത്തിന്റെ ദൗത്യം.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ഇവരുടെ പേടകം അന്താരാഷ്ട്ര നിലയവുമായി ഡോക്ക് ചെയ്തത്. സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും കാരണം നിരവധി തവണ മാറ്റിവെച്ച ദൗത്യം 24 മണിക്കൂര്‍ നീണ്ടുനിന്ന യാത്രയ്ക്ക് ശേഷമാണ് ബഹിരാകാശ നിലയത്തിലെത്തിയത്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്താലാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. രാകേശ് ഷര്‍മയ്ക്ക് ശേഷം 41 വര്‍ഷത്തിന് ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ദൗത്യത്തിന്റെ പൈലറ്റ് കൂടിയാണ് അദ്ദേഹം.

ഐ.എസ്.ആര്‍.ഒ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, അമേരിക്കന്‍ കമ്പനിയായ ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് ഈ ദൗത്യത്തിന് കോപ്പുകൂട്ടിയത്.

നാസയുടെ മുന്‍ ബഹിരാകാശ യാത്രികയും ആക്‌സിയം സ്‌പേസ് ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് ഡറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന്റെ ക്യാപ്റ്റന്‍.

ഇവര്‍ക്ക്‌ പുറമെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരും ദൗത്യത്തിന്റെ ഭാഗമാണ്‌.

Content Highlight: Indian Astronaut Shubhanshu Shukla landed in ISS

We use cookies to give you the best possible experience. Learn more