ചരിത്രത്തിലാദ്യമായി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ അയര്‍ലാന്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം വൈഭവ് സൂര്യവംശി ഇടം നേടിയിരുന്നു. എന്നാല്‍ 15കാരന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഓപ്പണിങ് റോളിലെത്തിയത്.
ഇപ്പോള്‍ വൈഭവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ അസിസ്റ്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ്. ടീമില്‍ അവസരം ലഭിക്കാന്‍ വൈഭവ് സൂര്യവംശി ഇനിയും കാത്തിരിക്കണമെന്നാണ് ടെന്‍ ഡോഷേറ്റ് പറഞ്ഞത്. ലോകകപ്പില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഞ്ജുവിനെ അവഗണിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ അസിസ്റ്റന്റ് പരിശീലകന്‍ വ്യക്തമാക്കി.
‘വൈഭവ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണ്. എന്നാല്‍ സഞ്ജു സാംസണെ അവഗണിക്കാന്‍ സാധിക്കില്ല. ലോകകപ്പില്‍ അവന്‍ ടീമിന് വലിയ സംഭാവനകളാണ് നല്‍കിയത്. ഒരു താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനാണ് ഞങ്ങളുടെ തീരുമാനം. അതിനാല്‍ വൈഭവ് അവസരം ലഭിക്കാന്‍ കുറച്ച് കാലം കൂടി കാത്തിരിക്കണം,’ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയാണ്. ജൂലൈ ഒന്നിനാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും വൈഭവ് ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ വൈഭവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും.
ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
Content Highlight: Indian assistant coach on the chances of Vaibhav Suryavanshi getting a chance in the Indian team