| Saturday, 20th April 2019, 8:35 pm

അഭിനന്ദന്‍ വര്‍ത്തമാനെ വീരചക്ര പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്താന്റെ പിടിയലകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വീരചക്ര പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് സൈന്യം ഇന്ത്യക്കു നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വ്യോമസേനയുടെ ശുപാര്‍ശ.

യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്തു സൈനികര്‍ക്കു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണിത്. പരംവീര്‍ ചക്ര, മഹാവീര ചക്ര എന്നിവയാണ് ആദ്യ രണ്ട് ബഹുമതികള്‍.

അഭിനന്ദിനൊപ്പം ബാലാക്കോട്ട് വ്യോമാക്രമണത്തിനു നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേനാ മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതിനിടെ അഭിനന്ദനെ സുരക്ഷാപ്രശ്നങ്ങളെത്തുടര്‍ന്ന് ശ്രീനഗറില്‍ നിന്നു സ്ഥലംമാറ്റി. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സെക്ടറിലെ ഒരു പ്രധാനപ്പെട്ട വ്യോമതാവളത്തിലേക്കാണു സ്ഥലംമാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നു പാക് വ്യോമസേനയുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് പ്രദേശത്ത് തകര്‍ന്നുവീണതും ഇജക്ട് ചെയ്ത് നിലത്തിറങ്ങിയ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതും. പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. രണ്ടുദിവസത്തിനകം പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു. മാര്‍ച്ച് ഒന്നിന് രാത്രി അഭിനന്ദന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി.

Latest Stories

We use cookies to give you the best possible experience. Learn more