ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ചുരുവിൽ വെച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പൈലറ്റുമാരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് 1.25ഓടെയാണ് അപകടമുണ്ടായത്. ചുരുവിലെ ബനോഡ ഗ്രാമത്തിന് സമീപത്തായാണ് യുദ്ധവിമാനം തകര്‍ന്നു വീണത്. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. കരയാക്രമണത്തിനും രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കുമായി വ്യോമസേന ഉപയോഗിക്കുന്ന വിമാനമാണ് ജാഗ്വാര്‍.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അധികൃതര്‍ അപകടം നടന്ന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.വിമാനം തകര്‍ന്നുവീണയിടത്ത് മനുഷ്യശരീരങ്ങളുടെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അപകടത്തില്‍ ഇതുവരെ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഏപ്രിലില്‍ ഗുജറാത്തിലെ ജാംനഗരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചിരുന്നു. പരിശീലന ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്.
മാര്‍ച്ചില്‍ ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരു ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. ഇതേ ദിവസം പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയില്‍ എഎന്‍-32 എന്ന ട്രാന്‍സ്‌പോര്‍ട്ട് വിമാനവും അപകടത്തില്‍പെട്ടിരുന്നു.
Content Highlight: Indian Air Force fighter jet crashes