| Tuesday, 25th June 2024, 8:10 pm

സേനാപതിയിലൂടെ തമിഴ് ബോക്‌സ് ഓഫീസ് കരകയറുമോ? പ്രതീക്ഷയുയര്‍ത്തി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് തുടങ്ങാന്‍ വൈകിയിരുന്നു. 2020ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

പിന്നീട് കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനവും, ഷൂട്ടിങ് സെറ്റിലുണ്ടായ അപകടവും കാരണം ചിത്രം ഡ്രോപ്പ് ചെയ്യുന്ന അവസ്ഥ വരെയുണ്ടായി. 2021ന്റെ അവസാനത്തില്‍ ചിത്രീകരണം വീണ്ടും ആരംഭിക്കുകയും 2024ന്റെ തുടക്കത്തില്‍ ഷൂട്ട് കംപ്ലീറ്റാവുകയും ചെയ്തു. ജൂണ്‍ ആദ്യവാരം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പ്രൗഢഗംഭീരമായി നടന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അഴിമതിയാല്‍ നിറഞ്ഞ നാടിനെ രക്ഷിക്കാന്‍ ഒരുകൂട്ടം യുവാക്കളുടെ പ്രയത്‌നത്തിന്റെ ഫലമായി സേനാപതി തിരികെയത്തുന്നതാണ് സിനിമയുടെ കഥ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം എടുത്തു പറയാന്‍ വലിയൊരു ഹിറ്റില്ലാത്ത തമിഴ് ഇന്‍ഡസ്ട്രി ഇന്ത്യന്‍ 2വിലൂടെ തിരിച്ച് ട്രാക്കില്‍ കയറുമോ എന്നാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്

അഞ്ചോളം ഗെറ്റപ്പിലാണ് കമല്‍ ഹാസന്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചിത്രീകരണ സമയത്ത് കമല്‍ ഹാസനെ ഡീ ഏജ് ചെയ്ത ഗെറ്റപ്പ് ഉണ്ടെന്ന് റൂമറുകള്‍ കേട്ടിരുന്നു. ആ ഗെറ്റപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്തരിച്ച നടന്മാരായ വിവേക്, നെടുമുടി വേണു, മനോബാല തുടങ്ങിയവര്‍ സിനിമയുടെ ഭാഗമായിരുന്നു. നെടുമുടി വേണുവിന് പകരം മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് എ.ഐ ഉപയോഗിച്ച് ഷൂട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എ.ഐ ഉപയോഗിച്ചാണ് നെടുമുടി വേണുവിനും വിവേകിനും ഡബ്ബിങ് ചെയ്തിട്ടുള്ളത്.

സിദ്ധാര്‍ത്ഥ്, എസ്.ജെ. സൂര്യ, ബോബി സിംഹ, ബ്രഹ്‌മാനന്ദം, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആദ്യ ഭാഗത്തില്‍ സംഗീതം ചെയ്ത എ.ആര്‍ റഹ്‌മാന് പകരം അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്. ജൂലൈ 12ന് ചിത്രം തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗത്തോടൊപ്പം ഇന്ത്യന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടും തീര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഇന്ത്യന്‍ 3 തിയേറ്റിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Indian 2 trailer out

Latest Stories

We use cookies to give you the best possible experience. Learn more