ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് കൂടുതല്‍ ശിക്ഷ നല്‍കണമായിരുന്നെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.[]
യുഎസ് കോടതി 35 വര്‍ഷം തടവ് വിധിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ഇന്ത്യയിലായിരുന്നെങ്കില്‍ ഹെഡ്‌ലിക്ക് കൂടുതല്‍ ശിക്ഷ നല്‍കുമായിരുന്നെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഹെഡ്‌ലിക്ക് വലിയ ശിക്ഷ നല്‍കുന്നത് കാണാനായിരുന്നു ഇന്ത്യ കാത്തിരുന്നത്. ഇന്ത്യയിലെ ഓരോ ആളുകളും ആഗ്രഹിച്ചിരുന്നത് അതായിരുന്നു. അതിനായിട്ടാണ് ഹെഡ്‌ലിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് യുഎസിലെ നിയമവ്യവസ്ഥയുടെ പിരമിതിയുണ്ടായിരുന്നുവെന്നും അതിനാലാണ് ശിക്ഷ ചുരുങ്ങിയതെന്നും ഖുര്‍ഷിദ് പറഞ്ഞു.
എന്നിരുന്നാലും ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള ശ്രമം ഇനിയും തുടരും. ഇതുമായി ബന്ധപ്പെട്ട് യുഎസ് അധികൃതരുമായി ചര്‍ച്ച തുടരുകയാണ്. ഇന്ത്യയ്ക്ക് ഹെഡ്‌ലിയെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഷിക്കാഗോ ഫെഡറല്‍ കോടതിയാണ് ഹെഡ്‌ലിക്ക് 35 വര്‍ഷം കഠിനതടവ് വിധിച്ചത്.
ലഷ്‌കറെതൊയിബ അംഗമായ ഇയാള്‍ക്ക് മുംബൈ ഭീകരാക്രമണക്കേസ് ഉള്‍പ്പെടെ 12 കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ച് അന്വേഷണവുമായി സഹകരിച്ചത് കൊണ്ടാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.
ഹെഡ്‌ലിക്ക് 30 മുതല്‍ 35 വര്‍ഷം ശിക്ഷ കൊടുക്കണമെന്നാണ് ഷിക്കാഗോയിലെ ജില്ലാ കോടതി ആവശ്യപ്പെട്ടത്. അതേസമയം പരമാവധി ശിക്ഷ തന്നെ ജഡ്ജി ഹാരി ലിബന്‍വീവര്‍ വ്യാഴാഴ്ച വിധിച്ചിരുന്നു.
പാക്കിസ്ഥാന്‍ വംശജനായ ഹെഡ്‌ലി യു.എസ് പൗരനാണ്. 2008 ലെ മുമ്പൈ ഭീകരാക്രമണ കേസില്‍ ഇയാള്‍ മുഖ്യ ആസൂത്രണം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. മുംബൈയിലെ സ്ഥലങ്ങളെ സംബന്ധിച്ച എല്ലാ വീഡിയോ ദൃശ്യങ്ങളും ഭീകര്‍ക്ക് കൊടുത്തത് ഹെഡ്‌ലി തന്നെയായിരുന്നു.