ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ടെസ്റ്റ് മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സിനും ഡിക്ലയര്‍ ചെയ്തു. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 ഡിക്ലയര്‍ ചെയ്‌തെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 16 റണ്‍സ് ആവശ്യമായിരുന്നപ്പോള്‍ മൂന്ന് സിക്‌സര്‍ പറത്തി മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് രവിന്ദു രാസന്തയാണ്. 143 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. 66 റണ്‍സ് നേടി നിഷാന്‍ മധുശങ്കയും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ സോനല്‍ ദിനുഷ 52 റണ്‍സും നേടി.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതറുമാണ്. മൂവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഗുര്‍ണൂര്‍ ഒരു വിക്കറ്റും നേടി തിളങ്ങി. ബാറ്റിങ്ങില്‍ ഇന്ത്യയ് വേണ്ടി തിളങ്ങിയത് 142 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ്. ജഡേജ 63 റണ്‍സും രാഹുല്‍ 40 റണ്‍സും നേടിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക് വേണ്ടി നിഷാന്‍ മധുശങ്ക 63 റണ്‍സ് നേടിയപ്പോള്‍ നിപുന്‍ ധനഞ്ജയ 46 റണ്‍സ് നേടി. 35 റണ്‍സ് നേടി ആന്‍ജല ബന്ധാനയും തിളങ്ങി. ഇന്ത്യയ്ക്കായി ഗുര്‍ണൂര്‍ ബ്രാറും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. സിറാജും പ്രസീദ്ധും ഓരോ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണ്. 46 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. പരിക്കിന് ശേഷം കളത്തിലെത്തിയ ക്യാപ്റ്റന്‍ ശുഭമന്‍ ഗില്‍ 54 പന്തില്‍ 44 റണ്‍സ് നേടി. 32 റണ്‍സ് നേടി മുഹമ്മദ് സിറാജ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ലങ്കയ്ക്ക് വേണ്ടി കേശര നുവാന്ത രണ്ട് വിക്കറ്റും രമേശ് മെന്‍ഡിസ്, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ ഒരു വിക്കറ്റും നേടി.
അതേസമയം പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
Content Highlight: India Won Warm Up Test Match Against Sri Lanka