സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടി-20യില്‍ 90 റണ്‍സിന് സിംബാബ്‌വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്.
ടി-20 ലോകകപ്പിന് ശേഷവും പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലും ഇന്ത്യ വിജയിക്കുന്ന ആദ്യ പരമ്പരയാണിത്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പര അയ്യരുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 129 റണ്‍സിന് പുറത്തായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ അഭിഷേക് ശര്‍മ മൂന്ന് വിക്കറ്റുകളും യാഷ് ഠാക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും രവി ബിഷ്‌ണോയ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു.
സിംബാബ്‌വേ ബാറ്റിങ്ങില്‍ 32 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രെയാന്‍ ബെന്നറ്റ് മാത്രമാണ് പൊരുതിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
നേരത്തെ ആദ്യം അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്.
തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സും സ്വന്തമാക്കി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടി.
സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസരബാനി, റിച്ചാര്‍ഡ് നഗരവ, ബ്രാഡ് ഇവാന്‍സ്, ബ്രെയാന്‍ ബെന്നറ്റ്, ന്യൂമാന്‍ ന്യാംഹുരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് സിംബാബ്‌വേ ആശ്വാസ ജയമാവും ലക്ഷ്യമിടുക.
Content Highlight: India won the T20 series against Zimbabwe