തിരുവനന്തപുരം: സാഫ്കപ്പ് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. എക്‌സ്ട്രാടൈമിന്റെ 11ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ഛേത്രി നേടിയ ഗോളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ ഏഴാമത്തെ സാഫ് കപ്പ് കിരീടമാണിത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം അടിച്ചതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയിരുന്നത്.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും 71ാം മിനുട്ടില്‍ സുബൈര്‍ ആമിരിയിലൂടെ അഫ്ഗാനിസ്ഥാനാണ് അദ്യം വല ചലിപ്പിച്ചത്. തൊട്ടുപിന്നാലെ 72ാം മിനുട്ടില്‍
ജെജെ ലാല്‍പെഖുലെ ഇന്ത്യയുടെ സമനിലഗോള്‍ നേടി. മികച്ച കളിയാണ് ഇന്ത്യന്‍ടീം അഫ്ഗാന്‍ പടയ്ക്ക് മുന്നില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.
കഴിഞ്ഞ തവണത്തെ സാഫ് കപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നു തവണയായി സാഫ്കപ്പ് ഫൈനലിസ്റ്റുകളാണ് അഫ്ഗാന്‍. ദേശീയ ടീമിന്റെ മത്സരം കാണാനായി 11 മന്ത്രിമാരടക്കം 105 അംഗ സംഘമാണ് സംഘര്‍ഷഭൂമിയായ അഫ്ഗാനില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നത്. നിരവധി ആരാധകരും അഫ്ഗാനില്‍ നിന്നും എത്തിയിരുന്നു.