2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ജപ്പാനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് പടുത്തുയർത്തിയത്.
എന്നാൽ ഈ കൂറ്റൻ സ്കോർ തകർക്കാൻ പാക് പടയ്ക്ക് സാധിച്ചില്ല. 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രം
ഇന്ത്യക്കുമുന്നിൽ പാകിസ്ഥാൻ തകർന്നു വീഴുകയായിരുന്നു. 19 റൺസിന്റെ വിജയം നേടിയ ഇന്ത്യ ഇതോടെ വനിതാ വിഭാഗത്തിൽ കൂടാതെ പുരുഷ വിഭാഗത്തിലും സ്വർണം സ്വന്തമാക്കിയിരുകയാണ്.
തകർപ്പൻ അർധ സെഞ്ചുറികൾ നേടിയ അഭിഷേക് ശർമയുടെയും തിലക് വർമയുടെയും മിന്നൽ പ്രകടനമാണ് ഇന്ത്യയെ 211 എന്ന മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പാക് ബൗളർമാരെ കടന്നാക്രമിച്ച് 28 പന്തിൽ 61 റൺസ് അടിച്ചുകൂട്ടി.
ഒമ്പത് പന്തിൽ 15 റൺസെടുത്ത വൈഭവ് സൂര്യവംശി പുറത്തായ ശേഷമാണ് സഞ്ജു സാംസൺ മൂന്നാമനായി ക്രീസിലെത്തിയത്. വൻ ആരവങ്ങളോടെയും വലിയ പ്രതീക്ഷകളോടെയുമാണ് ഗാലറി സഞ്ജുവിനെ സ്വീകരിച്ചത്. എന്നാൽ ആരാധകരെ നിരാശരാക്കി രണ്ട് പന്തിൽ വെറും നാല് റൺസ് മാത്രം നേടി താരം പെട്ടെന്ന് തന്നെ പുറത്താവുകയായിരുന്നു.
അഭിഷേക് ശർമ
തുടർന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (24 പന്തിൽ 21) ഇഷാൻ കിഷനും (18 പന്തിൽ 20) പതറിയതോടെ ഇന്ത്യയുടെ സ്കോറിങ് വേഗത കുറഞ്ഞു. എന്നാൽ അഞ്ചാമനായി എത്തിയ തിലക് വർമ മത്സരത്തിന്റെ ചിത്രം മാറ്റിമറിച്ചു. 22 പന്തിൽ 51 റൺസ് നേടി അർധ സെഞ്ചുറി തികച്ച തിലകിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ ബാക്ക് ടു ട്രാക്കിലെത്തിച്ചു.
അവസാന ഓവറുകളിൽ ശിവം ദുബെയും (15 പന്തിൽ 27) തിലകിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യയുടെ സ്കോർ 211 ലേക്ക് കടന്നു. ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാർ. രണ്ടു വിക്കറ്റ് വീതമാണ് ഈ മൂവർസംഘം എറിഞ്ഞു വീഴ്ത്തിയത്.
ഇന്ത്യൻ ടീം
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മികച്ച രീതിയിലാണ് റൺസിനായുള്ള ആക്സിലേറ്റർ കൊടുത്തത്. ഓപ്പണിങ് കൂട്ടുകെട്ടായ ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ 11 പന്തിൽ 10 റൺസ് മാസ് സദഖാത് 18 പന്തിൽ 23 റൺസ് നേടി അടിത്തറ പാകി. ഉസ്മാൻ ഖാന് വലിയ സംഭാവനകളും നൽകാൻ സാധിച്ചില്ലെങ്കിലും പിന്നീടെത്തിയ ഹസൻ നവാസ് ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാകുകയിരുന്നു.
51 പന്തിൽ 96 റൺസോടെ അർദ്ധ സെഞ്ചുറി പട്ടം കൂടെ താരം കൈപിടിയിലാക്കി. സയീം അയ്യൂബ് 22 പന്തിൽ 29 റൺസ്, അബ്ദുൾ സമദ് 9 പന്തിൽ 9 റൺസ്, സാദ് മസൂദ് (5 പന്തിൽ 12 റൺസ്) എന്നിവരൊപ്പം ചേർന്ന് സ്കോറിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിപതറുകയായിരുന്നു. ഇതോടെ ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും സ്വർണത്തിൽ മുത്തമിട്ടു.
ഇനി ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയിലെ അവസാന മത്സരമാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ മെൻ ഇൻ ബ്ലൂ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. 2 മണിക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content Highlights: India won Gold Medal in Asian Games Cricket