| Tuesday, 14th October 2025, 12:13 pm

വിന്‍ഡീസിനെ ചാരമാക്കി ഇന്ത്യ; ആദ്യ നേട്ടം കൈപ്പിടിയിലാക്കി ക്യാപ്റ്റനും

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിനെ 390 റണ്‍സിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 121 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നാണ് ശുഭ്മന്‍ ഗില്ലും സംഘവും വിന്‍ഡീസിനെതിരെ തങ്ങളുടെ ഡോമിനേഷന്‍ തുടര്‍ന്നത്. ഇതോടെ ക്യാപ്റ്റന്‍ ഗില്ലിന് തന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും നേടാന്‍ സാധിച്ചിരിക്കുകയാണ്.

സ്‌കോര്‍

ഇന്ത്യ – 518/5 D & 124/3 (T: 121)

വെസ്റ്റ് ഇന്‍ഡീസ് – 248 & 390 (F/O)

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കെ.എല്‍. രാഹുല്‍ 108 പന്തില്‍ 58* റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. സായി സുദര്‍ശന്‍ 76 പന്തില്‍ 39 റണ്‍സും നേടി. വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്ടണ്‍ ചെയ്‌സ് പണ്ട് വിക്കറ്റും ജോമല്‍ വാരിക്കന്‍ ഒരു വിക്കറ്റുമാണ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ജെയ്സ്വാള്‍ 175 റണ്‍സും ഗില്‍ 129 റണ്‍സും നേടി ക്ലാസിക് പ്രകടനമാണ് കാഴ്ചവെച്ചത്. വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്സില്‍ ഒരു അര്‍ധസെഞ്ച്വറി പോലും നേടാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

അലിക് അത്തനാസെ 84 പന്തില്‍ 41 റണ്‍സും ഷായ് ഹോപ്പ് 57 പന്തില്‍ 36 റണ്‍സും നേടി വിന്‍ഡീസിന് തുണയാകുകയായിരുന്നു. കുല്‍ദീപ് യാദവ് നേടിയ അഞ്ച് വിക്കറ്റാണ് വിന്‍ഡീസിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സഹായിച്ചത്. മാത്രമല്ല താരത്തിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി തിളങ്ങി.

എന്നാല്‍ വിന്‍ഡീസിനെ ഇന്നിങ്‌സിന് പരാജയപ്പെടുത്താമെന്ന് കരുതി ഫോളോ ഓണിന് അയച്ച ഇന്ത്യയ് വെല്ലുവിളിക്കാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചു. ഓപ്പണര്‍ ജോണ്‍ കാമ്പല്‍ 115 റണ്‍സും ഷായി ഹോപ്പ് 103 റണ്‍സും നേടി വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. കൂടെ മധ്യ നിര ബാറ്റര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് 50 റണ്‍സ് നേടി ടീമിന് താങ്ങി നിര്‍ത്താനും ശ്രമിച്ചു. അവസാന ഘട്ടത്തില്‍ ജെയ്ഡന്‍ സീല്‍സ് 32 റണ്‍സ് നേടി പൊരുതിയെങ്കലും വലിയ സ്‌കോറിലേക്കെത്താന്‍ വിന്‍ഡീസിന് സാധിച്ചില്ല.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: India Won Against West Indies In Two Match Test Series

We use cookies to give you the best possible experience. Learn more