| Friday, 19th December 2025, 11:02 pm

പ്രോട്ടിയാസിനെ ചാരമാക്കി ഇന്ത്യ പരമ്പര തൂക്കി; തിലകിനും പാണ്ഡ്യയ്ക്കും പിറകെ വരുണും തിളങ്ങി!

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 30 റണ്‍സിന് വിജയം സ്വന്തമാക്കിയത്. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തിയാണ് വിജയം നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയ ഇന്ത്യ 231 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പ്രോട്ടിയാസിന് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 189 റണ്‍സിന് പ്രോട്ടിയാസ് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത് സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വരുണിന് പുറമെ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 35 പന്തില്‍ 65 റണ്‍സാണ് താരം അടിച്ചെടുത്തത്. 31 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ് ടീമിന്റെ രണ്ടാം ടോപ് സ്‌കോറര്‍.

അതേസമയം തിലക് വര്‍മയുടേയും ഹര്‍ദിക് പാണ്ഡ്യയുടേയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക്ക് പാണ്ഡ്യ 25 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 63 റണ്‍സ് നേടിയാണ് മടങ്ങിയത്. 252 എന്ന വമ്പന്‍ പ്രഹരശേഷിയിലാണ് കുങ്ഫു പാണ്ഡ്യ പ്രോട്ടിയാസിനെ അടിച്ചൊതുക്കിയത്.

വണ്‍ ഡൗണ്‍ ആയി എത്തിയ തിലക് വര്‍മ 42 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് അടിച്ചെടുത്തത്. 173.81 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. റണ്‍ ഔട്ടിലൂടെയാണ് തിലക് മടങ്ങിയത്. പാണ്ഡ്യയും തിലകും 100 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പാണ് ഇന്ത്യയ്ക്ക് വേണ്ടി നല്‍കിയത്.

അതേസമയം 21 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയേയും 22 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജു സാംസണേയും നേരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തായത്. അവസാന ഘട്ടത്തില്‍ ശിവം ദുബെ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് പന്തില്‍ 10 റണ്‍സും സംഭാവന ചെയ്തു. പ്രോട്ടിയാസിന് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും ജോര്‍ജ് ലിന്‍ഡെ, ഒട്ടീണിയല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

Content Highlight: India Won Against South Africa In Five T-20 Series

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more