ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. വഡോധര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെ 306 റണ്‍സ് നേടിയാണ് ആതിഥേയര്‍ വിജയക്കൊടി പാറിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 91 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 93 റണ്‍സിനാണ് താരം പുറത്തായത്. ഏഴ് റണ്‍സിനാണ് വിരാടിന് സെഞ്ച്വറി നഷ്ടമായത്.
ഇതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ ലിസ്റ്റിലും വിരാട് ഇടം നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 90കളില്‍ പുറത്താകുന്ന രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഏഴ് തവണയാണ് താരം പുറത്തായത്. ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ഏഴ് തവണ 90കളില്‍ പുറത്തായിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 17 തവണയാണ് താരം 90കളില്‍ പുറത്തായത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 17
വിരാട് കോഹ്‌ലി – 7
കെയ്ന്‍ വില്യംസണ്‍ – 7
നഥാന്‍ ആസ്റ്റല്‍ – 7
ഗ്രാന്‍ ഫ്‌ളവര്‍ – 7
അരവിന്ദ ഡി സില്‍വ – 7
എന്നിരുന്നാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായാണ് വിരാട് കളം വിട്ടത്. ഈ നേട്ടത്തില്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്നായിരുന്നു വിരാട് രണ്ടാമനായത്.
വിരാടിന് പുറമെ 71 പന്തില്‍ 56 റണ്‍സ് നേടാന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സാധിച്ചിരുന്നു. ഏറെ കാലത്തിന് ശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ 47 പന്തില്‍ 49 റണ്‍സിനും മടങ്ങി. അവസാന ഘട്ടത്തില്‍ കെ.എല്‍. രാഹുലും ഹര്‍ഷിത് റാണയും 29 റണ്‍സ് വീതം നേടി. രോഹിത് ശര്‍മ 26 റണ്‍സിനാണ് പുറത്തായത്.
ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് കൈല്‍ ജാമിസനാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യന്‍ വംശജന്‍ ആദിത്യ അശേക്, ക്രിസ് ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ് 71 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.
കിവീസിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് പേസര്‍ ഹര്‍ഷിത് റാണയാണ്. 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയയും 62 റണ്‍സ് നേടിയ ഹെന്റിക് നിക്കോളാസിനെയുമാണ് റാണ പുറത്താക്കിയത്. കിവീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ടായിരുന്നു ടീമിന്റെ റണ്‍സ് ഉയര്‍ത്തുന്നതില്‍ അടിത്തറയിട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
Content Highlight: India Won Against New Zealand In First ODI Match, Virat Kohli Miss Century For 7 Runs