ഇംഗ്ലണ്ട് വിമണ്‍സിനെതിരെയുള്ള രണ്ടാം ടി-20യിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ വിമണ്‍സിന്. സീറ്റ് യുനീക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിക്കറ്റില്‍ 181 റണ്‍സ് നേടി ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അമന്‍ജോത് കൗറാണ്. 40 പന്തില്‍ ഒമ്പത് ഫോറുകള്‍ അടക്കം 63 റണ്‍സ് നേടി പുറത്താകാതെയാണ് താരം ഇന്ത്യയുടെ നെടുന്തൂണായത്. മാത്രമല്ല കളിയിലെ താരമാകാനും അമന്‍ജോതിന് സാധിച്ചു.
അതേസമയം മൂന്നാമതായി ഇറങ്ങിയ ജമീമ റോഡ്രിഗസ് 41 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 63 റണ്‍സ് നേടി പുറത്തായിരുന്നു. ഇരുവരുടേയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഘട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷിന്റെ 32* റണ്‍സും ഇന്ത്യയ്ക്ക് തുണയായി.
ഇംഗ്ലണ്ട് വിമണ്‍സിന് വേണ്ടി ലൗറേന്‍ ബെല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലൗറേന്‍ ഫൈലര്‍ എമിലി അര്‍ലോട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വലിയ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണറായ സോഫിയ ഡഗ്ലിയേയും ഡാനി വൈറ്റിനേയും ആദ്യ രണ്ട് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയയച്ചു. പിന്നീട് ഇംഗ്ലണ്ടിന് തുണായത് തസ്മിന്‍ ബ്യൂമോണ്ടിമന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു.
35 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 23 പന്തില്‍ 35 റണ്‍സ് നേടി സോഫി എക്ലെസ്റ്റോണും ഇംഗ്ലണ്ടിന്റെ വിജയത്തിനായി ശ്രമിച്ചു. മത്സരത്തില്‍ മൂന്ന് റണ്‍ ഔട്ടുകളാണ് ഇന്ത്യ നേടിയത്. മാത്രമല്ല നല്ലപുറെഡ്ഡി ചരണി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: India Womens VS England Womens: Amanjot Kaur and Jemimah Rodrigues’ brilliant performances helped India win the second T20 against England