| Tuesday, 24th February 2026, 2:15 pm

പകരം വീട്ടാന്‍ കച്ചകെട്ടി ഓസീസ്; സ്മൃതിയുടെയും ക്യാപ്റ്റന്റെയും അര്‍ധ സെഞ്ച്വറി മതിയാകില്ല!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ വുമണ്‍സും ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരം അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് 48.3 ഓവറില്‍ ഇന്ത്യയെ 214 റണ്‍സിന് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു ഓസീസ്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 50 റണ്‍സാണ് നേടിയത്. 31* റണ്‍സുമായി ഫോബി ലിച്ച്ഫീല്‍ഡും 15* റണ്‍സുമായി അലീസ ഹീലിയുമാണ് ഓസീസിന് വേണ്ടി ക്രീസിലുള്ളത്.

ചെറിയ സ്‌കോറില്‍ ഇന്ത്യയെ തളയ്ക്കാന്‍ സാധിച്ച ഓസീസിന് മികച്ച തുടക്കമാണ് നിലവില്‍ ലഭിച്ചത്. ഇതോടെ ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദമുണ്ടാകും.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സ്മൃതി മന്ഥാനയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ്. 68 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സാണ് സ്മൃതി നേടിയത്. മധ്യ നിരയില്‍ 84 പന്തില്‍ നിന്ന് 53 റണ്‍സും നേടി ഹര്‍മന്‍പ്രീത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

ഇരുവര്‍ക്കും പുറമെ എട്ടാം സ്ഥാനത്ത് ഇറങ്ങിയ കേശവി ഗൗതം 44 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി നിര്‍ണായക പ്രകടനം നടത്തി. താരത്തിനൊപ്പം റിച്ചാ ഘോഷ് 38 പന്തില്‍ 23 റണ്‍സ് നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി കാര്യമായ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ളി ഗാര്‍ഡ്ണര്‍ മികച്ച പ്രകടനം നടത്തി. മെഗന്‍ ഷട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാര്‍സി ബ്രൗണ്‍, അലന്‍ കിങ്, തഹ്‌ലിയ മഗ്രാത്, സോഫി മൊളീനെക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

അതേസമയം ഓസീസ് പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന്റെ പകരം വീട്ടാനാണ് ഓസീസ് ഏകദിനത്തില്‍ കച്ച കെട്ടിയിറങ്ങിയത്.

2018ന് ശേഷം ഓസ്ട്രേലിയയില്‍ നടന്ന ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. ഓസ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ 10 ടി-20യിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയത്തോടെ ഓസ്ട്രേലിയയുടെ വിന്നിങ് ഡോമിനേഷന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

Content Highlight: India Women’s VS Australian Women’s One day Match Live

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more