| Friday, 11th September 2026, 7:03 am

ഷെഫാലി കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് ചാരം, ചരിത്ര 'ഫിഫ്റ്റിയുമായി' ശ്രീ ചരണി; വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍

ശ്രീരാഗ് പാറക്കല്‍

വനിതാ ഏഷ്യാകപ്പിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിന് ബംഗ്ലാദേശിന് കളി അവസാനിപ്പിക്കേണ്ടി വന്നു.

ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ കുന്തമുനയായി. നാലോവറില്‍ 26 റണ്‍സ് മാത്രമാണ് ദീപ്തി വഴങ്ങിയത്. താരത്തിന് പുറമെ നന്ദിനി ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രേമ റാവത്, ശ്രീ ചരണി എന്നിവര്‍ ഒരു വിക്കറ്റും നേടി. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ശ്രീ ചരണി ബൗളിങ്ങില്‍ തിളങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ചരണിക്ക് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വനിതാ ടി-20യില്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. വെറും 29 മത്സരങ്ങളില്‍ നിന്നാണ് ശ്രീ ചരണി ഈ നേട്ടം സ്വന്തമാക്കുന്നത്. മാത്രമല്ല ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്ക് വേണ്ടി 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരമാകാനും ശ്രീ ചരണിക്ക് സാധിച്ചു. ഈ നേട്ടത്തില്‍ പൂനം യാദവിനൊപ്പമെത്താനും താരത്തിന് കഴിഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ഷെഫാലി വര്‍മയാണ്. അര്‍ധസെഞ്ച്വറി നേടിയാണ് താരം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് ഷെഫാലി സ്വന്തമാക്കിയത്. താരത്തിന് പുറമെ 24 റണ്‍സ് നേടിക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 21 റണ്‍സ് നേടി റിച്ചാ ഘോഷും മികവ് പുലര്‍ത്തി. അതേസമയം സമൃതി മന്ഥാനയ്ക്ക് (അഞ്ച് പന്തില്‍ രണ്ട്) തിളങ്ങാനായില്ല. ദീപ്തി ശര്‍മ 13 റണ്‍സെടുത്തു.

ബംഗ്ലാദേശിന് വേണ്ടി ബൗളിങ്ങില്‍ സുല്‍ത്താന ഖാത്തുന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറൂഫ അക്തര്‍, നഹിദ അക്തര്‍, റബെയ ഖാത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍ ഷോമ അക്തറാണ്. പുറത്താകാതെ 22 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ദിലാര അക്തര്‍ 21 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.

Content Highlight: India Women’s In Asia Cup Final; Sree Charani In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more