| Friday, 18th September 2026, 2:12 pm

ജപ്പാനില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ കൊടുങ്കാറ്റ്; ഷെഫാലിയുടെ കരുത്തില്‍ സെമി ഫൈനല്‍ എന്‍ട്രി!

ശ്രീരാഗ് പാറക്കല്‍

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ. കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജപ്പാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ ഡിഫന്റിങ് ചാമ്പ്യന്‍മാരായ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 20ന് നടക്കുന്ന സെമിഫൈനലില്‍ ഇന്ത്യ ബംഗ്ലദേശിനെ നേരിടും.

19.5 ഓവറില്‍ ജപ്പാന്‍ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം വെറും അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ജപ്പാന്‍ നിരയില്‍ അയാക കാറ്റോ-സ്റ്റാഫോര്‍ഡ് 47 പന്തില്‍ 25 റണ്‍സും ഹരുണ ഇവാസാക്കി 22 പന്തില്‍ 10 റണ്‍സും നേടി രണ്ടക്കം കടന്നു. ഇന്ത്യക്കായി ശ്രീ ചരാണി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി വര്‍മ രണ്ട് വിക്കറ്റും ദീപ്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. വെറും 15 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് ഷെഫാലി നേടിയത്. ഗുണാലന്‍ കമാലിനി റണ്‍സൊന്നുമെടുക്കാതെയും ഭാരതി ഫുല്‍മാലി ഏഴ് പന്തില്‍ ആറു റണ്‍സിനും പുറത്തായി. എന്നാല്‍ റിച്ച ഘോഷ് ആറ് പന്തില്‍ 12 റണ്‍സുമായി ഷെഫാലിക്ക് മികച്ച പിന്തുണ നല്‍കി. ഇതോടെ അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു.

എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ടി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്ല. നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്.

ഇന്നലെ ബംഗ്ലദേശും പാകിസ്ഥാനും സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു. മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താനാകാതെ ബംഗ്ലാദേശ്-ചൈന ക്വാര്‍ട്ടര്‍ ഫൈനല്‍ ഉപേക്ഷിച്ചതോടെ ഐ.സി.സി ടീം റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് സെമിയിലെത്തി. മറുവശത്ത് തായ്‌ലന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ അവസാന നാലില്‍ ഇടം നേടിയത്. സെപ്റ്റംബര്‍ 22നാണ് വനിതാ വിഭാഗം ഫൈനല്‍.

പുരുഷ വിഭാഗത്തിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24ന് ആരംഭിക്കും. ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 28നാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റെ പരിശീലകന്‍. പുരുഷ വിഭാഗം ഫൈനല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.

Content Highlight: India Women’s Beat Japan And Enter In Asian Games Semi Finals

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more