വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് ഇന്ത്യ നിര്‍ണായക മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. സെമി ഫൈനലില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഫൈനലിലേക്ക് ക്വാളിഫൈ ചെയ്തിരിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ തുടക്കം പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ ആദ്യ മത്സരം ഇന്ത്യ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ ചാമ്പ്യന്‍സ് ഗംഭീര പരാജയങ്ങളേറ്റുവാങ്ങുകയും ചെയ്തു. നാല് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഇടം പിടിച്ചത്. ടീമിന്റെ നെറ്റ് റണ്‍ റേറ്റും മോശമായിരുന്നു.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍മാര്‍ക്കെതിരായ മത്സരത്തില്‍ തങ്ങളുടെ മോശം റണ്‍ റേറ്റ് മറികടക്കുന്ന പ്രകടനവുമായി ഇന്ത്യ ചാമ്പ്യന്‍സ് തിളങ്ങിയപ്പോള്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ കാത്തിരുന്ന് കിട്ടിയ വിജയവും അതുവഴി ലഭിച്ച സെമി ഫൈനലി ഇന്ത്യ വേണ്ടെന്ന് വെച്ചിരിക്കുകയാണിപ്പോള്‍. ജൂലൈ 31നായിരുന്നു സെമി ഫൈനല്‍ പോരാട്ടം നിശ്ചയിച്ചിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പല ഇന്ത്യന്‍ താരങ്ങളും കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതോടെയായിരുന്നു ആദ്യ മത്സരം റദ്ദാക്കിയത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കുവെക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടന്ന എല്ലാ മത്സരത്തിലും പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വിജയിച്ചതോടെ അഫ്രീദിയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എന്നാല്‍ ശേഷം കളിച്ച അടുത്ത മൂന്ന് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന സ്ഥാനത്തേക്ക് വീണു. ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നുമാണ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന് ടിക്കറ്റെടുത്തു.