ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ മുന്നണി. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
രാഷ്ട്രപതിയെ കണ്ട് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് നിവേദനം നല്‍കിയതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് മുന്നണിയുടെ നീക്കം.
‘യുവാക്കളും പ്രതിപക്ഷനേതാക്കളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുന്നവരും നാളെ ഞങ്ങളോടൊപ്പം നടക്കും’, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളായിട്ടോ വ്യക്തികളായിട്ടോ വിവിധ സംസ്ഥാനങ്ങളിലുള്ളവരായിട്ടോ വിവിധ ജാതി മത വ്യത്യാസമുള്ളവരായിട്ടോ അല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരായി ഭരണഘടന സംരക്ഷിക്കാനായി മാര്‍ച്ച് നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ചവരെ പൊലീസും ബി.ജെ.പി ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചെന്നും ഇന്ത്യയ്ക്ക് അതല്ല ആവശ്യമെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി വോട്ട് ചോരി അവസാനിപ്പിക്കാനും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാനും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
‘ഇന്ത്യയുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിയ്‌ക്കോ അമിത് ഷായ്‌ക്കോ അജിത് ഡോവലിനോ മോഹന്‍ ഭാഗവതിനോ സാധിക്കില്ല. ആ ഭീരുക്കള്‍ക്ക് നമ്മളെ ഭയപ്പെടുത്താനാവില്ല. അവര്‍ക്ക് മാറി നില്‍ക്കേണ്ടി വരും’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭയപ്പെടേണ്ട, നാളെ ഇന്ത്യ മുഴുവന്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യും എന്ന് പറഞ്ഞ് കൊണ്ടാണ് രാഹുല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാലിനും അഞ്ചിനും ഇടയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സാഹചര്യം ധരിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
‘32,000 പൊലീസുകാരെയും 75,00 സി.ആര്‍.പി.എഫുകാരെയുമാണ് ഇന്നലെ ദല്‍ഹിയില്‍ വിന്യസിച്ചത്. യുവാക്കളുടെ സമരത്തെ സര്‍ക്കാര്‍ എത്രത്തോളം എതിര്‍ക്കുന്നു എന്നതിന്റെ തെളിവാണത്’, ഖാര്‍ഗെ പറഞ്ഞു.
ജനാധിപത്യവും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഖാര്‍ഗെ പറഞ്ഞു.
Content Highlight: India will march towards Supreme Court tomorrow to give memorandum to Chief Justice, says Rahul Gandhi.