| Friday, 6th March 2026, 9:31 am

സൗത്ത് ആഫ്രിക്കയുടെ തോല്‍വി, വാംഖഡെയിലെ വിജയം, അങ്ങനെയെങ്കില്‍ ഫൈനലില്‍ തോല്‍വി! നോക്ക്ഔട്ട് 2023ന്റെ കാര്‍ബണ്‍ കോപ്പി

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ത്യ യോഗ്യത നേടിയിരിക്കുകകയാണ്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മാര്‍ച്ച് എട്ട്, ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ കിരീടം തേടിയെത്തിയ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

ഈ ലോകകപ്പിലെ നോക്ക്ഔട്ട് സ്‌റ്റേജിലെ സംഭവവികാസങ്ങള്‍ ആരാധകരെ 2023ലെ ഏകദിന ലോകകപ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ഇതിന് മുമ്പ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഐ.സി.സി ലോകകപ്പിലെ ഫലങ്ങള്‍ക്ക് സമാനമായാണ് 2026 ടി-20 ലോകകപ്പിലും നോക്ക്ഔട്ട് സ്‌റ്റേജും പുരോഗമിക്കുന്നത്.

ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനലിന് ടിക്കറ്റെടുത്തത്. വിശ്വപ്രസിദ്ധമായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കൂറ്റന്‍ വിജയം നേടിയാണ് ന്യൂസിലാന്‍ഡ് ഒരിക്കല്‍ക്കൂടി കിരീടം തേടിയിറങ്ങുന്നത്.

ന്യൂസിലാന്‍ഡിന്റെ വിജയശില്‍പി ഫിന്‍ അലന്‍

2023 ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളില്‍ ഒരാള്‍ സൗത്ത് ആഫ്രിക്കയായിരുന്നു. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ പ്രോട്ടിയാസ് പരാജയപ്പെട്ട് പുറത്തായതും ഇതേ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ വിജയം സ്വന്തമാക്കിയ ഇതേ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ‘ഷമി ഫൈനലില്‍’ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തില്‍ (7/57) മുഹമ്മദ് ഷമിയാണ് ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചുനടത്തിയത്. വാംഖഡെയില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മുഹമ്മദ് ഷമി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടുതും, വാംഖഡെയില്‍ നടന്ന സെമിയില്‍ ഇന്ത്യ വിജയിച്ചതും 2023 ലോകകപ്പിന് സമാനമായിരുന്നു. ഇനി ഫൈനല്‍ നടക്കുന്ന വേദിയും 2023 ലോകകപ്പിന്റെ ഫൈനല്‍ വേദി തന്നെയാണ്.

2023ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ കിരീടപ്പോരാട്ടത്തില്‍ അടിയറവ് പറഞ്ഞു.

2023 ലോകകപ്പുമായി ഓസ്‌ട്രേലിയ

എന്നാല്‍ ഈ ചരിത്രം ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നോക്ക്ഔട്ട് ഘട്ടത്തില്‍ ഇന്ത്യയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഇക്കാര്യം പറയുന്നത്.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ പോരായ്മകളുണ്ടെങ്കിലും, ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും റെഡ് ഹോട്ട് ഫോമില്‍ തന്നെയാണ്. ഫില്‍ഡിങ്ങില്‍ മികച്ച ക്യാച്ചുകള്‍ കൈപ്പിടയിലൊതുക്കുമ്പോഴും സിംപിള്‍ ക്യാച്ചുകള്‍ താഴെയിടുന്നതും ആരാധകരെ അലട്ടുന്നുണ്ട്. എങ്കിലും ഒരു ടീം എന്ന നിലയില്‍ ഇന്ത്യ ശക്തരാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

മറുവശത്ത് ന്യൂസിലാന്‍ഡും മികച്ച ഫോമില്‍ തന്നെയാണ്. സെമി ഫൈനലില്‍ അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി തിളങ്ങിയ ഫിന്‍ അലന്റെ ഫോം തന്നെയാകും ഫൈനലിലും ന്യൂസിലാന്‍ഡ് നിരയില്‍ നിര്‍ണായകമാവുക. ടിം സീഫെര്‍ട്ട്, രചിന്‍ രവീന്ദ്ര, കോള്‍ മക്കോന്‍ചി എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും മികച്ച ഫോമില്‍ തന്നെയാണ്. ഞായറാഴ്ച മികച്ച പോരാട്ടത്തിന് തന്നെയാകും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക.

Content highlight: India will face New Zealand in the final of T20 World Cup at Ahmedabad

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more