| Wednesday, 4th March 2026, 6:57 am

ഇംഗ്ലണ്ടിനോട് ഇതുപോലൊരു സെമിയില്‍ തോറ്റത് പത്ത് വിക്കറ്റിന്; തിരിച്ചടിക്കാന്‍ ഇന്ത്യ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ തങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് 1ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിന് ടിക്കറ്റെടുത്തത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ 2022 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ തന്നെയാകും ഇന്ത്യയുടെ മനസിലുണ്ടാവുക. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന് പരാജയപ്പെട്ടായിരുന്നു ഇന്ത്യ അന്ന് രണ്ടാം കിരീടമെന്ന മോഹം അവസാനിപ്പിച്ച് മടങ്ങിയത്.

ഇന്ത്യ ഉയര്‍ത്തിയ 168 എന്ന വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 24 പന്ത് ശേഷിക്കെ  മറികടന്ന് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയെങ്കിലും ഹര്‍ദിക് പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറികള്‍ തുണയായി.

33 പന്തില്‍ 63 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 190.90 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു പാണ്ഡ്യയുടെ പ്രകടനം.

ഹര്‍ദിക് പാണ്ഡ്യ

40 പന്തില്‍ നിന്നും 50 റണ്‍സാണ് വിരാടിന് സ്വന്തമാക്കാന്‍ സാധിച്ചത്. നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 28 പന്ത് നേരിട്ട് 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

വിരാട് കോഹ്‌ലി

ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം 168ലെത്തി.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആദില്‍ റഷീദും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. റണ്‍ ഔട്ടായാണ് റിഷബ് പന്ത് മടങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും അലക്‌സ് ഹേല്‍സിന്റെയും വെടിക്കെട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ഏഴ് സിക്‌സറും നാല് ഫോറും അടക്കം 47 പന്ത് നേരിട്ട് പുറത്താകാതെ 86 റണ്‍സാണ് ഹേല്‍സ് സ്വന്തമാക്കിയത്. ഹേല്‍സിന് പിന്തുണയുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 49 പന്തില്‍ പുറത്താകാതെ 80 റണ്‍സും അടിച്ചെടുത്തപ്പോള്‍ 16 ഓവറില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ടി-20യില്‍ ഇന്ത്യയുടെ മോശം പരാജയങ്ങളിലൊന്നും അഡ്‌ലെയ്ഡില്‍ കുറിക്കപ്പെട്ടു.

അലക്‌സ് ഹേല്‍സും ജോസ് ബട്‌ലറും

ഇന്ത്യയ്‌ക്കെതിരെ സെമി ഫൈനല്‍ വിജയിച്ച ഇംഗ്ലണ്ട് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടവും സ്വന്തമാക്കി.

കിരീടവുമായി ഇംഗ്ലണ്ട്

ഇത്തവണ മറ്റൊരു സെമി ഫൈനലില്‍ കൂടുതല്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും നേരിടാനുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം മാത്രം പരാജയപ്പെട്ട ഇംഗ്ലണ്ട് തോല്‍വിയറിയാതെയാണ് സൂപ്പര്‍ 8 അവസാനിപ്പിച്ചത്.

എന്നാല്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യ പരാജയപ്പെടുത്തിയ അതേ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. തുല്യശക്തികള്‍ കൊമ്പുകോർക്കുമ്പോള്‍ വാംഖഡെയില്‍ തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: India will face England in yet another semi final of T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more