ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സൈക്കിളിലെ ആദ്യ പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തും. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് മണ്ണിലെത്തി കളിക്കുക.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയെന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ഈ പരമ്പരയില്‍ വിജയിക്കുന്നവര്‍ പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളുമാകും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിജയിക്കുന്ന ടീമിന് നല്‍കുന്ന പട്ടൗഡി ട്രോഫി ‘റിട്ടയര്‍’ ചെയ്തതോടെയാണ് ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്‌സണ്‍ ട്രോഫിയുടെ രംഗപ്രവേശം. ഇതിഹാസങ്ങളോടുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ ആദരസൂചരമായാണ് ക്രിക്കറ്റ് ബോര്‍ഡുകളുടെ ഈ തീരുമാനം.
നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ പേരിലുള്ള പട്ടൗഡി ട്രോഫിയാണ് ഇംഗ്ലണ്ട് ടെസ്റ്റിലെ ജേതാക്കള്‍ക്ക് നല്‍കിയിരുന്നത്.
പട്ടൗഡി ട്രോഫി
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ പട്ടൗഡി ട്രോഫി ‘വിരമിക്കുകയാണെന്ന’ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തുകൊണ്ടാണ് പട്ടൗഡി ട്രോഫി കളമൊഴിയുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഏതൊരു ട്രോഫിയായാലും കുറച്ച് സമയത്തിന് ശേഷം എല്ലാ കിരീടങ്ങളും ഇത്തരത്തില്‍ പടിയിറങ്ങുന്നത് സാധാരണമെന്നാണ് പട്ടൗഡിയുടെ കുടുംബം വ്യക്തമാക്കുന്നത്.
1961നും 1975നുമിടയില്‍ ഇന്ത്യയ്ക്കായി 46 ടെസ്റ്റുകള്‍ കളിച്ച താരമാണ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി. ഇതില്‍ 40 ടെസ്റ്റുകളിലും അദ്ദേഹമാണ് ഇന്ത്യയെ നയിച്ചത്. 34.91 ശരാശരിയില്‍ ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമടക്കം 2,793 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
ഈ ട്രോഫി അവതരിപ്പിച്ച 2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയിച്ചത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാരസ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.
Content Highlight: India will face England for Tendulkar – Anderson Trophy