| Saturday, 28th June 2025, 8:30 am

20 വിക്കറ്റുകള്‍ വീഴ്ത്താന്‍ അവര്‍ക്ക് സാധിക്കും, അവരുണ്ടെങ്കില്‍ ഇന്ത്യ പരമ്പര വിജയിക്കും; മാറ്റം നിര്‍ദേശിച്ച് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ശുഭ്മന്‍ ഗില്ലും സംഘവും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിടേണ്ടി വന്നത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5 (T: 371)

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബൗളര്‍മാര്‍ മങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഇപ്പോള്‍ ടീമിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും ടീമിന്റെ ഭാഗമാവുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനായാസം വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കൈഫ് പറയുന്നത്.

‘മുഹമ്മദ് ഷമിയെയും ഇഷാന്ത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിന്റെ കൈകളില്‍ കൊടുക്കൂ. ഗില്‍ ഈ ടെസ്റ്റ് പരമ്പര വിജയിക്കുമെന്ന് എനിക്ക് ഉറപ്പുപറയാന്‍ സാധിക്കും. അവര്‍ക്ക് 20 വിക്കറ്റുകള്‍ വീഴ്ത്തേണ്ടത് എങ്ങനെയാണെന്ന് വ്യക്തമായി അറിയാം,’ മുന്‍ താരം വ്യക്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ ബുംറയ്ക്കെതിരെ ഡിഫന്‍സീവ് അപ്രോച്ച് സ്വീകരിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറ്റ് പേസര്‍മാരെ ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് സിറാജ് വളരെയധികം കഷ്ടപ്പെട്ടെന്നും തന്റെ ഹൃദയം ഉപയോഗിച്ചാണ് പന്തെറിഞ്ഞതെന്നും ആളുകള്‍ പറയുന്നു. പ്രിയപ്പെട്ടവനേ, ദയവുചെയ്ത് ഹൃദയം കൊണ്ട് പന്തെറിയരുത്, കൃത്യമായ മനസുകൊണ്ട് പന്തെറിയൂ. കൃത്യമായ ലൈനും ലെങ്ത്തും പാലിച്ചുകൊണ്ട് പന്തെറിഞ്ഞാല്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കും.

രണ്ടാം ഇന്നിങ്സില്‍ ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല, കാരണം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഡിഫന്‍സിലേക്ക് മാറി. അവര്‍ കൃഷ്ണ (പ്രസിദ്ധ് കൃഷ്ണ), ഷര്‍ദുല്‍ (ഷര്‍ദുല്‍ താക്കൂര്‍), സിറാജ് (മുഹമ്മദ് സിറാജ്) എന്നിവരെ ആക്രമിച്ചു.

ഒരു സ്പെല്ലില്‍ ബുംറ നാലോ അഞ്ചോ ഓവര്‍ എറിയുകയാണെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ബുംറയ്ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചാല്‍ മറ്റ് ബൗളര്‍മാരെ അറ്റാക്ക് ചെയ്യാനാകുമെന്ന് അവര്‍ക്കറിയാം,’ കൈഫ് പറഞ്ഞു.

ജൂലൈ രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇവിടെ ഇതുവരെ ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

Content Highlight: India will definitely win if Mohammed Shami and Ishant Sharma are in the team, says Mohammad Kaif

We use cookies to give you the best possible experience. Learn more