കോഴിക്കോട്: ഫലസ്തീന്‍ ജനത നേരിടുന്നത് ക്രൂരമായ ആക്രമണമെന്ന് എല്‍.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വംശഹത്യയെ ലോകത്താകമാനം എതിര്‍ക്കുകയാണ്. ഇസ്രഈലും അമേരിക്കയും ആഗോളതലത്തില്‍ ഒറ്റപ്പെട്ടു. ഗസയെ വില്‍ക്കാനാണ് ഇസ്രഈലിന്റെ ശ്രമമെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.
ഇന്ത്യയും ഫലസ്തീനും തമ്മില്‍ എക്കാലവും ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് തന്നെ അപമാനമാണ് കേന്ദ്രത്തിന്റെ ഈ സമീപനമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ നിരവധിയിടങ്ങളിലാണ് ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കപ്പെട്ടത്. കോഴിക്കോട് മുതലക്കുളത്ത് എല്‍.ഡി.എഫ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
പരിപാടിയില്‍ ഇന്ത്യയിലെ ഫലസ്തീന്‍ അബാസഡര്‍ അബ്ദുള്ള അബു ഷവേഷും പങ്കെടുത്തു. കേരളത്തില്‍ ശക്തമായ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച കേരള ജനതയ്ക്കും എല്‍.ഡി.എഫിനും അബു ഷവേഷ് നന്ദി അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് ഗസയില്‍ മരിച്ചുവീഴുന്നതെന്നും ഗസയിലെ തന്റെ കുടുംബം ഉള്‍പ്പടെയുള്ളവര്‍ അനുഭവിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്താരവി ഫൗണ്ടേഷനും ഫലസ്തീന്‍ സോളിഡാരിറ്റി ഫോറവും കൊച്ചിയില്‍ സംഘടിപ്പിച്ച ‘ഗസയുടെ പേര്’ എന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സദസില്‍ നിഖില വിമല്‍, ജ്യോതിര്‍മയി, ആഷിഖ് അബു, ഗായിക സിത്താര, ശശി കുമാര്‍, എന്‍.എസ് മാധവന്‍ തുടങ്ങിയ സിനിമാ-മാധ്യമ- സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കഫിയ ധരിച്ചാണ് കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വേദിയിലെത്തിയത്.ഇതുവരെ തിരിച്ചറിഞ്ഞ ഗസയില്‍ കൊല്ലപ്പെട്ട 18000ത്തോളം കുഞ്ഞുങ്ങളുടെ പേരുകള്‍ ഐക്യദാര്‍ഢ്യ സദസില്‍ വായിച്ചു.
തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസായ സേവ് ഗസ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. ഫലസ്തീനെ ആദ്യം രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ഇസ്രഈലിന് ആയുധം നല്‍കുന്ന രാഷ്ട്രമായി മാറിയെന്ന് ബ്രിട്ടാസ് വിമര്‍ശിച്ചു.
ആദ്യമായി ഫലസ്തീനെ അംഗീകരിച്ച അറബ് രാഷ്ട്രങ്ങള്‍ക്ക് പുറത്ത് നിന്നുള്ളൊരു രാജ്യം ഇന്ത്യയായിരുന്നു. എന്നാലിന്ന് ഇന്ത്യയുടെ നയങ്ങള്‍ വ്യതിചലിച്ചിരിക്കുന്നു. ഗസയില്‍ ആയിരങ്ങളെ കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ ഇന്ത്യയിലെ എംബസി നടത്തിയ വിരുന്നില്‍ പങ്കെടുക്കാന്‍ വരെ ഇന്ത്യയിലെ ചില എം.പിമാര്‍ തയ്യാറായെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി വിമര്‍ശിച്ചു.
ഇസ്രഈല്‍ ആക്രമണത്തില്‍ ചിന്നിച്ചിതറുന്ന കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ തിരിച്ചറിയാനായി ഗസയിലെ മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ തങ്ങളുടെ പേര് പച്ചകുത്തുകയാണ്. ഇത്രയേറെ ദുരിതമനുഭവിക്കുന്ന ഫലസ്തീന് വേണ്ടി കേരളത്തില്‍ മാത്രമാണ് പ്രതിഷേധ ജ്വാല ഉയരുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും മൗനത്തിലാണെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.
ഗസ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇസ്രഈലിന്റെ ഏകപക്ഷീയമായ ഗസയിലെ ആക്രമണത്തെ സംഘര്‍ഷമെന്ന് വിളിച്ച് നിസാരവത്കരിക്കുകയാണ് മാധ്യമങ്ങളെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
വിയറ്റ്‌നാം, കൊറിയ തുടങ്ങിയ ഏഷ്യയില്‍ നടന്ന യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ഗസയിലിതുവരെ കൊല്ലപ്പെട്ടെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. എന്നിട്ടും കേരളത്തിന് പുറത്തുള്ള ഒരു മാധ്യമപ്രവര്‍ത്തക സംഘടന പോലും ഈ വിഷയത്തെ അപലപിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനായി ഇസ്രഈലിന് ആയുധം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. അദാനിയടക്കമുള്ള ഇന്ത്യയിലെ വ്യവസായികള്‍ നിര്‍മിക്കുന്ന ഡ്രോണുകള്‍ ഇസ്രഈലിന് വില്‍ക്കുകയാണെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.
മഹാത്മാ ഗാന്ധിയുടെ അഹിംസ സിദ്ധാന്തങ്ങള്‍ക്ക് ആശയങ്ങള്‍ക്ക് രൂപം കൊടുത്ത ഇന്ത്യയെ പോലൊരു രാജ്യം ഇസ്രഈലിന് ആയുധം വില്‍ക്കുന്നതിനെയും വിമര്‍ശിച്ചു. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും എം.പിമാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ ബോംബാക്രമണത്തിലൂടെ ജനങ്ങളെ കൊലപ്പെടുത്തുന്നത് മാത്രമല്ല, ജനങ്ങളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യണം. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് ഇസ്രഈലിലേക്കോ ഗസയിലേക്കോ റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നില്ല. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത ചെയ്യുന്ന ഇസ്രഈലിനെതിരെ സംസാരിക്കാന്‍ കേരളമല്ലാതെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും മുന്നോട്ട് വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content Highlight: India, which recognized Palestine as a state, has now become a seller of arms to Israel; criticism at Palestine Solidarity Forum