ടെഹ്‌റാൻ: പശ്ചിമേഷ്യയിലാകെ ആക്രമണം പടർന്നതോടെ റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കാൻ ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് യാചിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
മുൻപ് റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ സമ്മർദ്ദം ചെലുത്തിയ അതേ അമേരിക്കയാണ് ഇപ്പോൾ യാചിക്കുന്നതെന്നും അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.
‘റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ മാസങ്ങളോളം അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തി. എന്നാൽ ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിന് ശേഷം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ് ഹൗസ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളോട് യാചിക്കുകയാണ്,’ അബ്ബാസ് അരാഗ്ചി പറഞ്ഞു.
നിയമവിരുദ്ധ യുദ്ധത്തിനെ സഹായിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും അദ്ദേഹം എക്സ് പോസ്റ്റിലൂടെ മറുപടി നൽകി.
യുദ്ധത്തിൽ അമേരിക്കയെ സഹായിക്കുന്നതിലൂടെ റഷ്യക്കെതിരെ അമേരിക്കൻ പിന്തുണയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അരാഗ്ചി പറഞ്ഞു.
അതേസമയം രണ്ട് കപ്പൽ എൽ.പി.ജി ഹോർമുസ് കടലിടുക്കുവഴി ഇന്ത്യയിലേക് കൊണ്ടുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി പാതയൊരുക്കുമെന്ന് ഇറാന്റെ ഇന്ത്യൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു.
ഇന്ത്യയിലേക്ക് കടലിടുക്ക് വഴി ഹോർമുസ് കപ്പൽ പോകാൻ അനുവദിക്കുമെന്നും ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണെന്നും തങ്ങൾക്ക് പൊതുവായ താത്പര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ ഇന്ത്യയിൽ കുടുങ്ങിയ നാവികരെ അർമേനിയയിൽ എത്തിച്ചു. തുർക്കിയുടെ ചാർട്ടേഡ് വിമാനത്തിലാണ് നാവികരെ അർമേനിയയിൽ എത്തിച്ചത്.
Content Highlight: India was threatened over Russian oil; America is now begging to buy the same oil: Araghchi