| Friday, 1st March 2019, 2:09 pm

അഭിനന്ദനെ കൊണ്ടുവരാന്‍ പ്രത്യേക വിമാനമയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ തിരികെ കൊണ്ടുവരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി പാക്കിസ്ഥാന്‍.

വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ തിരികെ കൈമാറും എന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം പാക്കിസ്ഥാന്‍ തള്ളുകയായിരുന്നു.

വാഗ വഴി വിമാനത്തിലാണോ റോഡ് മാര്‍ഗമാണോ അഭിനന്ദനെ കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല. വാഗ അതിര്‍ത്തിയില്‍ വൈകീട്ട് നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനിടെ വര്‍ധമാനെ കൈമാറുന്നതിനോട് ഇന്ത്യയ്ക്ക് യോജിപ്പില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാഗാ അതിര്‍ത്തിയില്‍ വൈകിട്ട് നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങിനായി സാധാരണ വന്‍ജനക്കൂട്ടമാണ് എത്താറുള്ളത്. അഭിനന്ദന്റെ മടങ്ങിവരവ് പ്രമാണിച്ച് രാവിലെ മുതല്‍ തന്നെ അവിടെ ആളുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്.


മന്‍മോഹനും വാജ്‌പേയിയും മാതൃക; മോദി സ്ഥിതി വഷളാക്കുകയാണ്; വിമര്‍ശനവുമായി റോ മുന്‍ മേധാവി


ഇതോടൊപ്പം നൂറുകണക്കിന് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളും വാഗായില്‍ ഇപ്പോള്‍ ഉണ്ട്. അതിര്‍ത്തി കടന്നെത്തുന്ന അഭിനന്ദനെ നേരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കം.

എന്നാല്‍ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങിനിടെ തന്നെ അഭിനന്ദനെ കൈമാറാനാണ് പാക് തീരുമാനം. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്കാവും അഭിനന്ദനെ കൈമാറുക.

വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡര്‍ ജെഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ കുടുംബവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും അടക്കമുള്ളവര്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ അഭിനന്ദനെ ദല്‍ഹിയിലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

Latest Stories

We use cookies to give you the best possible experience. Learn more