| Saturday, 26th September 2026, 4:19 pm

കാര്യവട്ടത്ത് മഴ വില്ലനാകുമോ? ഇന്ത്യ VS വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ കാലവസ്ഥാ പ്രവചനം ഇങ്ങനെ!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരമ്പരയിലെ ആദ്യ മത്സരം നാളെ (സെപ്റ്റംബര്‍ 27ന്) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഭാഗമാണ്. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന രോഹിത്തിന്റെയും വിരാടിന്റെയും കേരളത്തിലുള്ള അവസാനത്തെ മത്സരമാകും ഇതെന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.

എന്നാല്‍ രോഹിത്തിനെയും വിരാടിനെയും കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി ആസ്വദിക്കാന്‍ സാധിക്കുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. കേരളത്തിലെ കാലാവസ്ഥ തന്നെയാണ് ഇതിന് കാരണം. മത്സരത്തിനിടയില്‍ മഴ പെയ്യുമോ എന്നാണ് ആരാധകരുടെ മനസിലുള്ള ആശങ്ക.

ഞായറാഴ്ച മത്സരത്തിന് ഒരു ദിവസം മുമ്പ് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വെതര്‍ ഫോര്‍കാസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോസ് സമയത്ത് വെയിലുണ്ടാകുമെങ്കിലും മത്സരത്തിന് മുമ്പ് മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടാതെ താപനില 30 ഡിഗ്രി സെല്‍ഷ്യസായിരിക്കും. പക്ഷേ മത്സരം ആരംഭിച്ചുകഴിഞ്ഞാല്‍ കളിക്കാര്‍ക്ക് കാലാവസ്ഥ ചൂടും ഈര്‍പ്പവും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com

മത്സരത്തില്‍ ആദ്യം ടോസ് നേടുന്ന ടീമിന് ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചായിരിക്കും. മാത്രമല്ല സ്പിന്നര്‍മാര്‍ക്ക് സഹായകമാകുന്ന പിച്ചാണ് ഗ്രീന്‍ ഫീല്‍ഡിലേത്. രണ്ടാം ഇന്നിങ്‌സില്‍ പിച്ച് ബാറ്റിങ് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും.

അതേസമയം കാര്യവട്ടത്ത് ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു, 35 ഓവറിലധികം ബാക്കി നില്‍ക്കെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചു. രണ്ടാമത്തെ മത്സരം 2023 ന്റെ തുടക്കത്തില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി ഇന്ത്യയെ 317 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ വിജയിപ്പിച്ചിരുന്നു.

അതേസമയം എന്ത് വില കൊടുത്തും പരമ്പ സ്വന്തമാക്കാനാണ് വിന്‍ഡീസ് ലക്ഷ്യം വെക്കുന്നത്. പരമ്പര വിജയിച്ചാല്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്. 24 വര്‍ഷം മുമ്പാണ് വിന്‍ഡീസ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര നേടിയിട്ട്.

24 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലക്ഷ്യം. 2002 നവംബറിലാണ് വെസ്റ്റ് ഇന്‍ഡീസ് അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയത്. അന്ന് കാള്‍ ഹൂപ്പറായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍. ക്രിസ് ഗെയില്‍, റാംനരേഷ് സര്‍വാന്‍, മര്‍ലന്‍ സാമുവല്‍സ് തുടങ്ങിയ താരങ്ങളടങ്ങിയ സംഘമാണ് ഏഴ് മത്സര പരമ്പര 4-3ന് സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

Content Highlight: India VS West Indies Match Green Field Stadium Weather Forcast

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more