ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം യു.എ.ഇയെ തകര്‍ത്ത് ഇന്ത്യ ടൂര്‍ണമെന്റില്‍ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 93 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇടം കൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ടീം മികച്ച വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ യു.എ.ഇയെ കുഞ്ഞന്‍ സ്‌കോറില്‍ നിര്‍ണായകമായത് താരത്തിന്റെ പ്രകടനമായിരുന്നു. 2.1 ഓവര്‍ എറിഞ്ഞ കുല്‍ദീപ് നാല് വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി നേടിയത്. അതും വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്തായിരുന്നു സ്പിന്നറുടെ പ്രകടനം. എക്കോണമിയാകട്ടെ 3.23 മാത്രവും. ഏറെ നാളുകള്‍ക്ക് ശേഷം നീല കുപ്പായത്തില്‍ തിരിച്ചെത്തിയാണ് താരം മികവ് തെളിയിച്ചത് എന്നതാണ് ശ്രദ്ധേയം.
ഈ പ്രകടനത്തോടെ മത്സരത്തിലെ പ്ലെയർ ഓഫ് ദി അവാർഡും കുൽദീപ് സ്വന്തമാക്കി. ഏഴ് വർഷത്തിന് ശേഷമാണ് കുൽദീപ് ഒരു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തോടെ ഒരു സൂപ്പർ ലിസ്റ്റിൽ കുൽദീപിന് സ്വന്തം പേര് ചേർക്കാനായി. ടി – 20 ഏഷ്യാ കപ്പ് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിങ് ഫിഗര്‍ കുറിക്കാനാണ് താരത്തിന് സാധിച്ചത്. പാകിസ്ഥാന്‍ താരം ശദാബ് ഖാനെ മറികടന്നാണ് ചൈനാമാന്‍ സ്പിന്നര്‍ രണ്ടാമതെത്തിയത്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്.
(പ്രകടനം – താരം – ടീം – എതിരാളി – വേദി – വര്‍ഷം)
5/4 – ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ – ദുബായ് – 2022
4/7 – കുല്‍ദീപ് യാദവ് – ഇന്ത്യ – യു.എ.ഇ – ദുബായ് – 2025
4/8 – ശദാബ് ഖാന്‍ – പാകിസ്ഥാന്‍ – ഹോങ് കോങ് – ഷാര്‍ജ – 2022
4/17 – മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – ഹോങ് കോങ് – മിര്‍പൂര്‍ – 2016
കുല്‍ദീപിന് പുറമെ, ശിവം ദുബൈയും ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി. താരം രണ്ട് ഓവറുകള്‍ എറിഞ്ഞ് നാല് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് പിഴുതത്. കൂടാതെ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ പുറത്താകാതെ 20 റണ്‍സും ചേര്‍ത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ പുറത്താവാതെ ഏഴ് റണ്‍സാണ് സ്വന്തമാക്കിയത്.
യു.എ.ഇ നിരയില്‍ മലയാളി താരം അലിഷന്‍ ഷറഫുവാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം 17 പന്തില്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന് ഒപ്പം ക്യാപ്റ്റന്‍ മുഹമ്മദ് വസീം 19 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്നത്.
Content Highlight: India vs UAE: Kuldeep Yadav registers second best figures in T20 Asia Cup history