| Thursday, 11th September 2025, 5:28 pm

അവന്‍ കളിക്കുന്നത് ഒരാളെ തല്ലുന്നത് പോലെ; ഇന്ത്യന്‍ താരത്തെ കുറിച്ച് അജയ് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം യു.എ.ഇയെ തോല്‍പിച്ചിരുന്നു. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആതിഥേയര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം മെന്‍ ഇന്‍ ബ്ലൂ 4.3 ഓവറില്‍ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് കരുത്തനായപ്പോള്‍ അഭിഷേക് ശര്‍മയുടെ മിന്നും ബാറ്റിങ്ങാണ് പവര്‍ പ്ലേയില്‍ തന്നെ കളി അവസാനിപ്പിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ബാറ്റിങ് നിര സ്പിന്നറുടെ നാല് വിക്കറ്റ് പ്രകടനത്തില്‍ തകരുകയായിരുന്നു. 13.1 ഓവറില്‍ ആതിഥേയര്‍ 57 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്.

ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ടത് യുവതാരം അഭിഷേക് ശര്‍മയായിരുന്നു. ഹൈദര്‍ അലി എറിഞ്ഞ ഒന്നാം പന്തില്‍ ബൗണ്ടറി നേടിയാണ് താരം ഇന്ത്യയുടെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഇടം കൈയ്യന്‍ ബാറ്റര്‍ ആദ്യ പന്തില്‍ സിക്‌സ് നേടിയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. പിന്നാലെ താരം അടുത്ത പന്തും ബൗണ്ടറി കടത്തി.

യു.എ.ഇക്കെതിരെ 16 പന്തില്‍ 30 റണ്‍സ് എടുത്താണ് അഭിഷേക് മടങ്ങിയത്. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 187.50 എന്നതായിരുന്നു ഇടം കൈയ്യന്‍ ബാറ്ററുടെ സ്‌ട്രൈക്ക് റേറ്റ്.

ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. അഭിഷേക് എതിരാളിയെ തല്ലുന്ന പോലെയാണ് കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൗളര്‍മാരെ ഒരു മാന്യതയും ഇല്ലാതെയാണ് അടിക്കുന്നതെന്നും അവന് പ്രത്യേക ശൈലി ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ജഡേജ.

‘ഒരാളെ തല്ലുന്നത് പോലെയാണ് അഭിഷേക് കളിക്കുന്നത്. ബാറ്റിങ് തുടങ്ങുന്നേയുള്ളൂവെന്ന് ആളുകള്‍ കരുതിയപ്പോഴേക്കും ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ആദ്യ ബോളില്‍ തന്നെ ബൗളര്‍ക്ക് ഒരു ആദരവും നല്‍കാതെയാണ് അവന്‍ സിക്‌സ് അടിച്ചത്.

അഭിഷേകിന് അവന്റേതായ ഒരു ശൈലിയുണ്ട്. എല്ലാ താരങ്ങളും ഓണ്‍ സൈഡിലാണ് ബൗണ്ടറികള്‍ അടിക്കാറുള്ളത്. പക്ഷേ, അവന്‍ ഓഫ് സൈഡിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഭിഷേക് അവിടെ വേഗത്തില്‍ കളിക്കുന്നു,’ അജയ് ജഡേജ പറഞ്ഞു.

മത്സരത്തില്‍ താരത്തിന് പുറമെ, ഗില്‍ ഒമ്പത് പന്തുകള്‍ നേരിട്ട് പുറത്താകാതെ 20 റണ്‍സ് നേടി. ഒരു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്താകാതെ ഏഴ് റണ്‍സ് സ്വന്തമാക്കി.

ബൗളിങ്ങില്‍ കുല്‍ദീപ് യാദവും ശിവം ദുബൈയും കരുത്ത് തെളിയിച്ചു. കുല്‍ദീപ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുബൈ നാല് റണ്‍സിന് മൂന്ന് വിക്കറ്റും പിഴുതു. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: India vs UAE: Ajay Jadeja praises Abhishek Sharma’s batting in Asia Cup

We use cookies to give you the best possible experience. Learn more