| Tuesday, 17th November 2026, 8:42 pm

ഇന്ത്യ VS ഫലസ്തീന്‍ ഫുട്‌ബോള്‍ മത്സരം; അടിപിടിയും റെഡ് കാര്‍ഡും! പിന്നാലെ വംശീയ അധിക്ഷേപവും

ശ്രീരാഗ് പാറക്കല്‍

എ.എഫ്.സി അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ ഫലസ്തീനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. എന്നാല്‍ മത്സരത്തിനിടയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.

മത്സരത്തിനിടെ ഫലസ്തീന്‍ കളിക്കാര്‍ ഇന്ത്യന്‍ താരത്തിനെതിരെ നടത്തിയ ഫൗളാണ് ആദ്യത്തെ സംഭവം. ഒമ്പതാം മിനിട്ടില്‍ ഫലസ്തീന്‍ കളിക്കാരനായ മുഹമ്മദ് ജംഹൂര്‍ ഒരു ഇന്ത്യന്‍ കളിക്കാരനെ ത്രോ ലൈനിന്റെ നിന്ന് രണ്ടുതവണ ചവിട്ടുകയും വീണപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ചവിട്ടുകയും ചെയ്തു.

ഇതേ തുടര്‍ന്ന് റഫറി ഇടപെട്ട് ഫലസ്തീന്‍ താരത്തിന് സ്‌ട്രൈറ്റ് റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു. എന്നാല്‍ ഫലസ്തീന്‍ താരങ്ങള്‍ ഇന്ത്യന്‍ കളിക്കാരോട് അപമാനകരമായ പെരുമാറ്റം തുടര്‍ന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാങ്‌റ്റെയുടെ അടുത്ത് ഫലസ്തീനിന്റെ 19ാം നമ്പര്‍ താരം പെരുമാറ്റച്ചട്ട ലംഘനത്തിന് വഴിയൊരുക്കുന്ന ആംഗ്യം കാണിക്കുന്നതായി ക്യാമറയില്‍ തത്സമയം പതിഞ്ഞു. ഇത് ദുര്‍ഗന്ധം വമിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ താരത്തെ ഫലസ്തീന്‍ താരം കളിയാക്കിയത്. വംശീയ അധിക്ഷേപം നടത്തിയതില്‍ റഫറി നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

എന്നിരുന്നാലും ഇന്ത്യ മത്സരത്തില്‍ വിജയിച്ചാണ് ഫലസ്തീന് മറുപടി നല്‍കിയത്. അതേസമയം മത്സര ശേഷം ഫലസ്തീന്‍ അണ്ടര്‍ 17 ടീമിന്റെ താരത്തിന്റെ ചുവപ്പുകാര്‍ഡിന് കാരണമായ നടപടിയെ പരിശീലകന്‍ യൂസഫ് ഷര്‍ബാജി അപലപിച്ചു. അര്‍ഹിച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയതെന്നും അദ്ദേഹം അഭിനന്ദിച്ചു.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ കാംബുഹാവോയിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ പെനാല്‍റ്റിയിലൂടെ യസാന്‍ ഖലീഫ ഫലസ്തീനെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മത്സരത്തിനിടെ ഒരുഘട്ടത്തില്‍ കളി നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകമായാണ് ഇന്ത്യ കളിച്ചത്. 51ാം മിനിട്ടില്‍ മുകുണ്ടോയുടെ ഗോളിലൂടെ ഇന്ത്യ വീണ്ടും ലീഡ് നേടി. ഏഴ് മിനിട്ടിന് ശേഷം ദല്ലാല്‍മുവോ കൂടി ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ലീഡ് 3-1 ആയി ഉയര്‍ന്നു. തുടര്‍ന്നും ആധിപത്യം നിലനിര്‍ത്തിയ ഇന്ത്യ മത്സരം 4-1ന് സ്വന്തമാക്കി.

Content Highlight: India vs Palestine U-17  football match: Scuffles, a red card, and subsequent racial abuse

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more