2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.
എന്നാല്‍ മത്സരത്തിനിറങ്ങും മുന്നേ ഇന്ത്യ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര പുരുഷ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 47 തവണയാണ് ഇന്ത്യ ടി-20യില്‍ 200 കടന്നത്. എന്നാല്‍ ഈ ലിസ്റ്റില്‍ ആറാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ വെറും 17 തവണ മാത്രമാണ് 200 കടന്നത്.
ഇന്ത്യ – 47
സൗത്ത് ആഫ്രിക്ക – 29
ന്യൂസിലാന്‍ഡ് – 28
ഓസ്‌ട്രേലിയ – 25
വെസ്റ്റ് ഇന്‍ഡീസ് – 25
ഇംഗ്ലണ്ട് – 24
പാകിസ്ഥാന്‍ – 17
ശ്രീലങ്ക – 14
സിംബാബ്‌വേ – 13
ഓസ്‌ട്രിയ – 12
നേപ്പാള്‍ – 12
മലേഷ്യ – 11
ബള്‍ഗേറിയ – 10
അഫ്ഗാനിസ്ഥാന്‍ – 9
അയര്‍ലാന്‍ഡ് – 9
ടി-20യില്‍ സര്‍വാധിപത്യം തുടരുന്ന ഇന്ത്യയെ നേടിരാന്‍ പാകിസ്ഥാന്‍ ഭയക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 16 ടി-20 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ 12 എണ്ണത്തിലും വിജയം സ്വന്തമാക്കിയത് ഇന്ത്യയാണ്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് വിജയം മാത്രമാണ് പാകിസ്ഥാന് നേടാനായത്.
മാത്രമല്ല നിലവില്‍ ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് എന്നത് ആരാധകര്‍കര്‍ക്ക് ഏറെ വൈകാരികമാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരു രാജ്യങ്ങളും അത്ര രസത്തിലല്ലാത്തത് തന്നെയാണ് ഇതിന് കാരണ.
ടി-20 ലോകകപ്പില്‍ നിന്ന് പുറത്തായ ബംഗ്ലാദേശിന് വേണ്ടി പാകിസ്ഥാന്‍ ഐക്യദാര്‍ഢ്യം പ്രഖാപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പിന്തുണച്ചത്. എന്നാല്‍ ഐ.സി.സിയും ബി.സി.സി.ഐയും ഇടപെട്ട് പാകിസ്ഥാന്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞതോടെ തീരുമാനത്തില്‍ നിന്ന് ഉപാധികളോടെ പിന്‍മാറുകയായിരുന്നു പാകിസ്ഥാന്.
Content Highlight: India VS Pakistan: India In Great Record Achievement In T20i