2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് വൈകിട്ട് (ഫെബ്രുവരി 15ന്) കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.
എന്നാല്‍ മത്സരത്തില്‍ മഴഭീഷണി നിലനില്‍ക്കുന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. അഥവാ മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കുവെക്കും. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഒന്നിച്ച് സൂപ്പര്‍ 8ല്‍ പ്രവേശിക്കുകയും ചെയ്യും.
നിലവില്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്കും പാകിസ്ഥാനും നാല് പോയിന്റാണുള്ളത്. മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍ ഇരുവര്‍ക്കും അഞ്ച് പോയിന്റ് നേടാനാകും. നമീബിയ ഇതുവരെ ഒരു മത്സരവും വിജയിച്ചിട്ടില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയ്ക്കും നെതര്‍ലാന്‍ഡ്‌സിനും ഇനി അവശേഷിക്കുന്ന ഒരു മത്സരത്തില്‍ വിജയം നേടാന്‍ സാധിച്ചാലും അഞ്ച് പോയിന്റെ നേടാന്‍ സാധിക്കില്ല. നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ രണ്ട് പോയിന്റ് ടീമുകള്‍ക്കുള്ളത്.
എന്നിരുന്നാലും മത്സരത്തില്‍ മഴ ഉണ്ടാകില്ലെന്നും വിജയം ഇന്ത്യയ്‌ക്കൊപ്പമാകുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല ടി-20യില്‍ സര്‍വാധിപത്യം തുടരുന്ന ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന്‍ ഭയക്കുമെന്നുതന്നെയാണ് ക്രിക്കറ്റ് അനലിസ്റ്റുകളും നിരീക്ഷിക്കുന്നത്.
നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 16 ടി-20 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ 13 എണ്ണത്തിലും വിജയം സ്വന്തമാക്കിയത് ഇന്ത്യയാണ്. മൂന്ന് വിജയം മാത്രമാണ് പാകിസ്ഥാന് നേടാനായത്. മാത്രമല്ല ടി-20 ലോകകപ്പില്‍ ഇത് വരെ എട്ട് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഒരു വിജയം മാത്രമാണ് പാകിസ്ഥാനുള്ളത്.
Content Highlight: India VS Pakistan: India And Pakistan Can Placed Super 8 If The Match Is abandoned