ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും കാത്തിരുന്ന ഇന്നിങ്സ് പടുത്തുയര്‍ത്തിയാണ് താരം തന്റെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തില്‍ സഞ്ജു 56 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
45 പന്തുകള്‍ നേരിട്ടായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ഇതില്‍ മൂന്ന് വീതം സിക്സും ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. രണ്ടാം ഓവറില്‍ ക്രീസിലെത്തി 18ാം ഓവറുവരെ ബാറ്റ് ചെയ്താണ് താരം ടീമിന്റെ കരുത്തായത്. പതിവ് സഞ്ജുവിയന്‍ ഇന്നിങ്‌സിന് വ്യത്യസ്തമായ ഒരു ഇന്നിങ്സാണ് താരം ഈ മത്സരത്തില്‍ പുറത്തെടുത്തത്.
ഇപ്പോള്‍ താരത്തിന്റെ ഈ ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. സഞ്ജു വളരെ നന്നായാണ് ബാറ്റ് ചെയ്തതെന്നും അവന്റെ ടൈമിങ് മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.
‘സഞ്ജു അടുത്ത മത്സരങ്ങളില്‍ നാലാമതോ അഞ്ചാമതോ ആയിരിക്കും കളിക്കുക. അതുകൊണ്ട് തന്നെ അവന് ഒരുപാട് നേരം ബാറ്റ് ചെയ്യണമായിരുന്നു. ഒരു താരം 40 -50 റണ്‍സ് നേടുമ്പോള്‍ ആത്മവിശ്വാസം കൂട്ടും. ഒന്ന് രണ്ട് ഓവറുകള്‍ അധികം കളിക്കാനും സിക്‌സുകളും ഫോറുകള്‍ക്കും അടിക്കാനും സാധിക്കും,’ ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ സഞ്ജുവടിച്ച സിക്‌സിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. സഞ്ജുവിന്റെ സ്‌ട്രൈറ്റ് സിക്‌സ് കാണാന്‍ തന്നെ വളരെ ഭംഗിയുണ്ടായിരുന്നു. അവന്‍ കാത്ത് നിന്നാണ് അത് അടിച്ചത്. അത് അവന്റെ ക്ലാസ് തെളിയിച്ചു. സഞ്ജുവിന് സിക്‌സ് അടിക്കാന്‍ നിരവധി ചോയ്സുണ്ടായിരുന്നു. അങ്ങനെ ചോയ്സുള്ള വളരെ കുറച്ച് താരങ്ങളില്‍ ഒരാളാണ് അവനെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം, മത്സരത്തില്‍ സഞ്ജുവിന് പുറമെ, അഭിഷേക് ശര്‍മയും തിലക് വര്‍മയും മികച്ച ബാറ്റിങ് പുറത്തെടുത്തു. അഭിഷേക് 15 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ തിലക് 18 പന്തില്‍ 29 റണ്‍സ് അടിച്ചു. ഇവരുടെ പ്രകടനത്തില്‍ ഇന്ത്യ 188 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തി.
എന്നാല്‍, ഒമാന്‍ 167 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിപ്പിച്ചു. ടീമിനായി ആമിര്‍ കലീം (46 പന്തില്‍ 64 ), ഹമ്മാദ് മിര്‍സ (33 പന്തില്‍ 51), ജതീന്ദര്‍ സിങ് (33 പന്തില്‍ 32) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: India vs Oman: Sunil Gavaskar praises Sanju Samson’s innings in Asia Cup