ടി – 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ലോകകപ്പില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 2026 ടി – 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 24 പന്തില്‍ 61 റണ്‍സുമായാണ് മടങ്ങിയത്. അഞ്ച് സിക്സും ആറ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 254.17 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ പേരിലാണ് ലോകകപ്പില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. ഉദ്ഘാടന സീസണായ 2007 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നേടിയ 45 റണ്‍സായിരുന്നു ഇത്. ഇപ്പോള്‍ 61 റണ്‍സ് നേടി ഈ നേട്ടവും താരം തന്റെ പേരില്‍ എഴുതി കുറിച്ചു.
(താരം – എതിരാളി – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)
ഇഷാന്‍ കിഷന്‍ – നമീബിയ – 2026 – 61
എം.എസ്. ധോണി – സൗത്ത് ആഫ്രിക്ക – 2007 – 45
റിഷബ് പന്ത് – പാകിസ്ഥാന്‍ – 2024 – 42
റിഷബ് പന്ത് – പാകിസ്ഥാന്‍ – 2021 – 39
റിഷബ് പന്ത് – അയര്‍ലാന്‍ഡ് – 2024 – 36*
റിഷബ് പന്ത് – ബംഗ്ലാദേശ് – 2024 – 36
എം.എസ്.ധോണി – ഓസ്‌ട്രേലിയ – 2007 – 36
അതേസമയം, നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 26 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും ഒമ്പത് പന്തില്‍ 13 റണ്‍സുമെടുത്ത ശിവം ദുബെയുമാണ് ക്രീസിലുള്ളത്.
ഇഷാന്റെ പുറമെ തിലക് വര്‍മ, സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. തിലക് 21 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്തു. 13 പന്തില്‍ 12 റണ്‍സായിരുന്നു സൂര്യയുടെ സ്‌കോര്‍.
നമീബിയക്കായി ജെറാഡ് ഇറാസ്മസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ബെന്‍ ഷികോംങ്ങോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: India vs Namibia: Ishan Kishan became first Indian wicket keeper to score fifty in T20World Cup