| Saturday, 5th September 2026, 6:59 am

ഏഷ്യന്‍ ഗെയിംസിന് മുമ്പേ പുതിയ എതിരാളികള്‍; ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

സുദേവ് എ

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യ-ജപ്പാന്‍ ടി-20 ചരിത്ര പോരാട്ടം ഒരുങ്ങുന്നു. സെപ്റ്റംബര്‍ 22നാണ് ഈ മത്സരം ഷെഡൂള്‍ ചെയ്തിട്ടുള്ളത്. ഈ മത്സരത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്‌പോര്‍ട്‌സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും.

കായിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ മത്സരം നടക്കുന്നതിനാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന് സഹായകമാവും.

ഏഷ്യന്‍ ഗെയിംസില്‍ സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകളില്‍ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികള്‍. കഴിഞ്ഞ പതിപ്പില്‍ നേടിയ സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ ആയിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക.

അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.

ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സിംബാബ്വേക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവര്‍ത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.

Content Highlight: India vs Japan T20 historic clash set ahead of Asian Games

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more