ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനെക്കുറിച്ചും നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇലവനില്‍ മാറ്റം വരുത്തണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ബോളെറിഞ്ഞെന്നും എന്നാല്‍ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ വലിയ റണ്‍സ് നേടാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും രഹാനെ പറഞ്ഞു. മാത്രമല്ല നാലാം മത്സരത്തില്‍ ഇന്ത്യ ഒരു അധിക ബൗളറെ ഉള്‍പ്പെടുത്തണമെന്നും ഒരു ടെസ്റ്റ് മത്സരമോ പരമ്പരയോ ജയിക്കണമെങ്കില്‍ 20 വിക്കറ്റുകള്‍ നേടേണ്ടതുണ്ടെന്നും രഹാനെ പറഞ്ഞു.
‘നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളില്‍ ബാറ്റിങ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്നും റണ്‍സ് നേടുന്നത് അത്ര എളുപ്പമല്ലെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇംഗ്ലണ്ട് മികച്ച രീതിയില്‍ പന്തെറിഞ്ഞു, പക്ഷേ ആദ്യ ഇന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
മുന്നോട്ട് പോകുമ്പോള്‍ ഒരു അധിക ബൗളറെ കൂടി ചേര്‍ക്കുന്നത് പരിഗണിക്കണമെന്ന് ഞാന്‍ കരുതുന്നു. കാരണം ഒരു ടെസ്റ്റ് മത്സരമോ പരമ്പരയോ ജയിക്കാന്‍ 20 വിക്കറ്റുകള്‍ നേടേണ്ടതുണ്ട്,’ രഹാനെ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നാലാം ടെസ്റ്റില്‍ ഇന്ത്യ ബൗളിങ് യൂണിറ്റിന് പ്രാധാന്യം നല്‍കേണ്ടത് പ്രധാനമാണ്. എന്നാല്‍ മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജോലി ഭാരം ക്രമീകരിക്കുന്നതിന് വേണ്ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ പറഞ്ഞിരുന്നു.
സ്പിന്നര്‍ കുല്‍ദീപ് യാദവ് മത്സരത്തിനിറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പരിശീലന സമയത്ത് പരിക്ക് പറ്റിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആകാശ് ദീപിന്റെ ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.
Content Highlight: India VS India: Ajinkya Rahane Talks India Will Add A Bowler In Fourth test Against England