| Thursday, 31st July 2025, 7:33 pm

അഞ്ചാം ടെസ്റ്റില്‍ അമ്പയറിങ് വിവാദം; കുമാര്‍ ധര്‍മസേനക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.

നിലവില്‍ മഴ കാരണം മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ രണ്ട് റണ്‍സിനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗസ് ആറ്റ്കിങ്‌സനാണ് വിക്കറ്റ്. കെ.എല്‍. രാഹുലിന്റെ നിര്‍ണായക വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ സ്‌കോര്‍ 38 റണ്‍സില്‍ നില്‍ക്കവെയാണ് രാഹുലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കി മടക്കിയയച്ചത്. 40 പന്തില്‍ 14 റണ്‍സുമായാണ് താരം മടങ്ങിയത്.

എന്നാല്‍ മത്സരത്തിനിടയില്‍ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. ഫീല്‍ഡ് അമ്പയറായ കുമാര്‍ ധര്‍മസേനയുടെ അമ്പയറിങ്ങാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 13ാം ഓവറില്‍ രണ്ടാം പന്തില്‍ സായി സുദര്‍ശനെതിരെ ഇംഗ്ലണ്ടിന്റെ ജോഷ് ടങ് എറിഞ്ഞ യോര്‍ക്കര്‍ ഒരു എല്‍.ബി.ഡബ്ല്യൂവിന് വഴി വെച്ചിരുന്നു. തുടര്‍ന്ന് വിക്കറ്റിന് വേണ്ടി ശ്രീലങ്കന്‍ അമ്പയറോട് ബൗളര്‍ അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ കുമാര്‍ ധര്‍മസേന വിക്കറ്റല്ലെന്ന് തലയാട്ടിയും ഇന്‍സൈഡ് എഡ്ജ് എന്ന് കൈകൊണ്ട് ആഗ്യം കാണിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ റിവ്യൂ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ധര്‍മ്മസേന അത്തരത്തില്‍ ആഗ്യം കാണിച്ചത്. എന്നാല്‍ ഡെലിവറിയുടെ റീപ്ലേയില്‍ പന്ത് ലോ ഫുള്‍ട്ടോസായി വരുന്നതും പന്ത് സായിയുടെ ബാറ്റില്‍ എഡ്ജാകുന്നതും കാണാമായിരുന്നു. ഡി.ആര്‍.എസ് പ്രോട്ടാകോളില്‍ അമ്പയര്‍ ഒരു രീതിയിലും ടീമുകളെ സഹായിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു ഫീല്‍ഡ് അമ്പയര്‍ ഇംഗ്ലണ്ടിന് ഇത്തരത്തിലൊരു സഹായം ചെയ്ത് കൊടുക്കുകയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍. ഇത്തരത്തില്‍ ആദ്യമായല്ല കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് സഹായം ചെയ്ത് കൊടുക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.

നിലവില്‍ 15* റണ്‍സുമായി ക്യാപ്റ്റന്‍ ഗില്ലും 25* റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസിലുള്ളത്. നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 2-1ന് മുന്നിലുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കി സമനില നേടാനാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്

Content Highlight: India VS England: Umpire Kumar Dharmasena tried to save England from missing the DRS review

We use cookies to give you the best possible experience. Learn more