| Friday, 20th June 2025, 4:05 pm

വിരാട് കോഹ്‌ലിക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ; തുറന്ന് പറഞ്ഞ് ഉമേഷ് യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാടിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായപ്പോള്‍ ഫോര്‍മാറ്റില്‍ ടീമിനെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അത്തരം മനോഭാവം മറ്റുതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്നും പേസ് ബൗളര്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഉമേഷ് യാദവ് പറഞ്ഞത്‌

‘വിരാട് കോഹ്‌ലി ടീം ടെസ്റ്റ് ക്യാപ്റ്റനായപ്പോള്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്ന ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളുടെ ക്യാപ്റ്റന്‍ അങ്ങനെയൊരു മനോഭാവത്തോടെ കളിക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്. അദ്ദേഹം ക്യാപ്റ്റനായപ്പോള്‍ എല്ലാ കളിക്കാരോടും സംസാരിക്കുകയും, നമുക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല, എല്ലായിടത്തും ജയിക്കാനും ഒന്നാം സ്ഥാനക്കാരാകാനും ആഗ്രഹമുണ്ടെന്നും പറഞ്ഞു,’ ഉമേഷ് യാദവ് പറഞ്ഞു.

യുവതാരം സായ് സുദര്‍ശന്റെ അന്താരാഷ്ട്ര റെഡ്ബോള്‍ അരങ്ങേറ്റത്തിന് കൂടിയാണ് ലീഡ്സ് ടെസ്റ്റ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയ്ക്കായി ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കുന്ന 317ാം താരമായാണ് സായ് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ലെജന്‍ഡ് ചേതേശ്വര്‍ പൂജാരയാണ് സായ് സുദര്‍ശന് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍.

Content Highlight: India VS England: Umesh Yadav Talking About Virat Kohli

We use cookies to give you the best possible experience. Learn more