ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ഓവലില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നാലാം ദിവസം മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. റൂട്ട് 52 പന്തില്‍ 31 റണ്‍സും ബ്രൂക്ക് 40 പന്തില്‍ 50 റണ്‍സും നേടിയിട്ടുണ്ട്.
ബെന്‍ ഡക്കറ്റ്, ക്യാപ്റ്റന്‍ ഒലി പോപ്പ്, സാക്ക് ക്രോളി എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സിന് ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി മികച്ച ബാറ്റിങ്ങാണ് ഓപ്പണര്‍ ഡക്കറ്റും ക്യാപ്റ്റനും ചേര്‍ന്ന് നടത്തിയത്. മികച്ച നിലയില്‍ മുന്നേറവെ ഡക്കറ്റിന്റെ വിക്കറ്റ് നേടി പ്രസിദ്ധ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്ര്യൂ നല്‍കി.
അര്‍ധ സെഞ്ച്വറി നേടിയായിരുന്നു ഇംഗ്ലണ്ട് ഓപ്പണറുടെ മടക്കം. 83 പന്തുകള്‍ നേരിട്ട താരം 54 റണ്‍സാണ് അടിച്ചെടുത്തത്. ഡക്കറ്റിന്റെ പിന്നാലെയെത്തിയ റൂട്ട് ആതിഥേയരുടെ പോരാട്ടം ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ഏറ്റെടുത്തു. ഇരുവരും പിടിച്ചു നില്‍ക്കാനും റണ്‍സ് ഉയര്‍ത്താനും ശ്രമിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങളും വിട്ടു നല്‍കാന്‍ തയ്യാറായില്ല.
ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മത്സരത്തില്‍ മുന്‍തൂക്കം നല്‍കാന്‍ ശ്രമിക്കവെ ഇന്ത്യ അടുത്ത പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ പോപ്പിനെ തിരിച്ചയച്ചാണ് ഇന്ത്യ ആതിഥേയര്‍ക്ക് സമ്മര്‍ദം നല്‍കിയത്. മുഹമ്മദ് സിറാജാണ് സന്ദര്‍ശകര്‍ക്ക് വേണ്ടി വിക്കറ്റ് പിഴുതത്.
ഇനിയും ഒരു ദിവസം ബാക്കിയുണ്ടെന്നിരിക്കെ ഇന്ന് തന്നെ വിജയം നേടാനാവും ആതിഥേയരായ ഇംഗ്ലണ്ടിന്റെ ശ്രമം. അതേസമയം, എത്രയും വേഗം ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കി പരമ്പര സമനിലയിലാക്കാനാവും ഇന്ത്യയുടെ ഉന്നം.
നേരത്തെ, മത്സരത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 396 റണ്‍സിന് പുറത്തായിരുന്നു. യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോറിലെത്തിയത്. 164 പന്തില്‍ രണ്ട് സിക്‌സറും 14 ഫോറുമടക്കം 118 റണ്‍സാണ് അടിച്ചത്. കൂടാതെ, നൈറ്റ് വാച്ച്മാനായി ഇറങ്ങി ആകാശ് ദീപും 66 റണ്‍സെടുത്ത് മികവ് പുലര്‍ത്തി. രവീന്ദ്ര ജഡേജയും ധ്രുവ് ജുറെലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി.
CONTENT HIGHLIGHTS: INDIA VS ENGLAND TEST DAY 4 UPDATES