ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.
ഇപ്പോള്‍ ഓപ്പണര്‍ രാഹുലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ മികച്ച താരമാണെന്നും ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും രാഹുല്‍ കളിക്കുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുല്‍ 700 റണ്‍സ് നേടുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘കെ.എല്‍. രാഹുലിന്റെ പ്രകടനം കാണാന്‍ വളരെ ആവേശകരമാണ്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും അവന്‍ ഷോട്ടുകള്‍ കളിക്കുന്നു. അവന്റെ കവര്‍ ഡ്രൈവ് മികച്ചതാണ്. രാഹുല്‍ ഒരു മികച്ച കളിക്കാരനാണ്, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവന്‍ 700 റണ്‍സ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന്റെ ആഘോഷങ്ങളെല്ലാം നിശബ്ദമാണ്. ഒരു നാഴികക്കല്ല് എത്തുമ്പോള്‍ അവനെ അഗ്രസീവായി കാണില്ല, കാരണം അവന്‍ സ്വയം പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവന് തന്റെ കഴിവിനെക്കുറിച്ച് അറിയില്ല എന്നതാണ് ആശങ്കയുണ്ടാക്കു കാര്യം,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.
ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് 137 പന്തില്‍ 106 റണ്‍സും ഹാരി ബ്രൂക്ക് 112 പന്തില്‍ നിന്ന് 99 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മാത്രമല്ലഓപ്പണര്‍ ബെന്‍ ഡക്കറ്റ് 94 പന്തില്‍ നിന്ന് 62 റണ്‍സും നേടി.
Content Highlight: India VS England: Sunil Gavaskar Praises K.L Rahul