| Monday, 28th July 2025, 7:13 pm

ബുംറ ക്ഷീണിതനാണ്;തുറന്ന് പറഞ്ഞ് സ്റ്റീവ് ഹാര്‍മിസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരം അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ ഓള്‍ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സമനില വഴങ്ങേണ്ടി വന്നത്.

സ്‌കോര്‍

ഇന്ത്യ: 358 & 425/4

ഇംഗ്ലണ്ട്: 669

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.

എന്നിരുന്നാലും ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിനായി കളത്തിലിറങ്ങുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്. ജോലി ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഈ പരമ്പരയില്‍ ബുംറ മൂന്ന് മത്സരങ്ങള്‍ മാത്രമായിരിക്കും കളിക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ മൂന്ന് മത്സരങ്ങള്‍ ബുംറ കളിക്കുകയും ചെയ്തു. പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ വിജയം അനിവാര്യമായ അഞ്ചാം ടെസ്റ്റില്‍ ബുംറയുടെ സേവനം ലഭ്യമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിലവില്‍ പരിക്കുളൊന്നുമില്ലെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. മാത്രമല്ല അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ബുംറയുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് ക്യാപ്റ്റന്‍ ഗില്ലും പറഞ്ഞിരുന്നു.

ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ സ്റ്റീവ് ഹാര്‍മിസണ്‍. അഞ്ചാം ടെസ്റ്റില്‍ അര്‍ഷ്ദീപ് ഫിറ്റാണെങ്കില്‍ കളിക്കണമെന്നും കുല്‍ദീപിനെയും ഇന്ത്യ പരിഗണിക്കുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു. മാത്രമല്ല ഇതുവരെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുംറ ക്ഷീണിതനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇരു ടീമുകളും പ്രതിസന്ധിയിലാണെന്ന് എനിക്ക് തോന്നുന്നു. അര്‍ഷ്ദീപ് സിങ് ഫിറ്റ് ആണെങ്കില്‍ അദ്ദേഹം കളിക്കണം. മാത്രമല്ല അവര്‍ കുല്‍ദീപിനെയും പരിഗണിച്ചേക്കാം. പിന്നീടുള്ള വലിയ ചോദ്യം ബുംറ കളിക്കുമോ എന്നതാണ്. ഇതുവരെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുംറ ക്ഷീണിതനാണെന്ന് തോന്നുന്നു,’ ഹാര്‍മിസണ്‍ പറഞ്ഞു.

Content Highlight: India VS England: Steve Harmison Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more