ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത ഇന്ത്യ നിലവില്‍ തുടര്‍ ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്..
എന്നാല്‍ മത്സരത്തിലെ രണ്ടാം ദിനം ഏറെ വിവാദമായത് ഡ്യൂക്ക് ബോളാണ്. നേരത്തെ ഷേപ്പ് ഔട്ടായ പന്ത് മാറ്റിയെങ്കിലും 80ാം ഓവറിനെത്തിയ മുഹമ്മദ് സിറാജിന് പകരം ലഭിച്ച പന്തും മോശമായി തോന്നി. തുടര്‍ന്ന് ക്യാപ്റ്റന്‍ ഗില്‍ അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.
പന്ത് വളരെ പഴക്കം ചെന്നതാണെന്ന് ഗില്‍ പറഞ്ഞിരുന്നു. ഇത് ബൗളര്‍മാര്‍ക്ക് സ്വിങ്ങും പേസും ബൗണ്‍സും നഷ്ടമാകുന്നതിന് കാരണമാകുന്നതിനാലാണ് ഗില്‍ കയര്‍ത്ത് സംസാരിച്ചതും. എന്നാല്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് ഹാര്‍മിസണ്‍.
ഇന്ത്യയോട് തനിക്ക് ഒരു സഹതാപവുമില്ലെന്നും ഇന്ത്യ പന്ത് മാറ്റാന്‍ പാടില്ലായിരുന്നെന്നും സ്റ്റീവ് പറഞ്ഞു. മാത്രമല്ല സിറാജ് ബുംറയോട് അഭിപ്രായം ചോദിക്കാതെയാണ് പന്ത് മാറ്റാന്‍ പറഞ്ഞതെന്നും നേരത്തെ മാറ്റിയെടുത്ത പന്തിന് കുഴപ്പങ്ങള്‍ ഇല്ലായിരുന്നെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു. കൂടാതെ പന്ത് മാറ്റിയതിനാല്‍ 320 റണ്‍സിന് ഇംഗ്ലണ്ടിനെ തീര്‍ക്കേണ്ട കളി 400ലേക്ക് എത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയോട് എനിക്ക് ഒരു സഹതാപവുമില്ല. എന്തിനാണ് പന്ത് മാറ്റിയത്? ജസ്പ്രീത് ബുംറ അതിനെ കൃത്യമായി സ്വിങ് ചെയ്യാന്‍ പ്രാപ്തമാക്കുകയായിരുന്നു. സിറാജ് ബുംറയോട് ആലോചിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തില്ല.
പന്ത് മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോഴും പന്ത് മോശമായിട്ടില്ലായിരുന്നു. പന്ത് മതിയായിരുന്നോ എന്നത് ഒരു പ്രത്യേക ചര്‍ച്ച തന്നെയാണ്, പക്ഷേ ഇന്ത്യ എന്തുകൊണ്ടാണ് മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് എനിക്ക് ശരിക്കും മനസിലായില്ല.
ബോളിന് മികച്ച സ്വിങ് ഉണ്ടായിരുന്നു. ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പിന്നീടാണ് എല്ലാം മോശമായത്. അവര്‍ പഴയ പന്ത് ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ മാറ്റിയെടുത്ത പന്ത് വളരെ പുതിയതാണെന്ന് തോന്നി.
വെറും 10 മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ടിനെ 320ന് പുറത്താക്കാന്‍ സാധ്യതയുള്ള ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ 400ല്‍ എത്താന്‍ സാധ്യതയുള്ളതായി കളിയാക്കി മാറ്റി. പന്ത് ഇത്രയധികം പ്രവര്‍ത്തിക്കുന്ന സമയത്ത് ഇന്ത്യയോട് സഹതാപം തോന്നുന്നത് ബുദ്ധിമുട്ടാണ്. അവര്‍ ആ മാറ്റം വരുത്താന്‍ പാടില്ലായിരുന്നു,’ സ്റ്റീവ് ഹാര്‍മിസണ്‍ പറഞ്ഞു.
Content Highlight: India VS England: Steve Harmison Criticize Indian Team For Changing Duke Ball In Lords Test