ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മൂന്നാം ദിനം മത്സരം നടക്കുമ്പോള്‍ 23 ഓവറില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയത്.
ഹാരി ബ്രൂക്കും ജെയ്മി സ്മിത്തുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു താരം.
ഗില്ലിന്റെ മികച്ച മാസ്റ്റര്‍ ക്ലാസ് പ്രകടനമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയെന്നും ഇംഗ്ലണ്ടില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് ഗില്‍ കളിച്ചതെന്നും ഗാംഗുലി പറഞ്ഞു.
‘ഗില്ലില്‍ നിന്നുള്ള ഒരു തികഞ്ഞ മാസ്റ്റര്‍ ക്ലാസ്.. ഒരു കുറ്റവുമില്ലാത്തത്.. ഇംഗ്ലണ്ടില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന്.. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെയധികം പുരോഗതിയുണ്ട്.. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിങ് സ്ഥാനം അവന് പറ്റിയതല്ല.. ഇന്ത്യയ്ക്ക് ജയിക്കാനുള്ള ഒരു ടെസ്റ്റാണിത്,’ ഗാംഗുലി എക്സില്‍ പങ്കുവെച്ചു.
അതേസമയം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. താരം ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.
Content Highlight: India VS England: Sourav Ganguly Praises Shubhman Gill