| Tuesday, 29th July 2025, 7:44 pm

ഇംഗ്ലണ്ടില്‍ ആധിപത്യം സൃഷ്ടിക്കുന്ന ഇന്ത്യയുടെ ഫന്റാസ്റ്റിക് ഫോര്‍സ്...

ശ്രീരാഗ് പാറക്കല്‍

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര… ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിക്ക് വേണ്ടി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളും ഒരുപാടുണ്ടായിരുന്നു.

ക്യാപ്റ്റന്‍സിയില്‍ സീനിയര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടേയും രവീന്ദ്ര ജഡേജയുടേയും പേരുകള്‍ ഉയര്‍ന്നെങ്കിലും 25കാരനായ യുവ താരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയും ഡെപ്യൂട്ടിയായി റിഷബ് പന്തിനെ നിയമിച്ചുമാണ് ഇന്ത്യ ആദ്യ ചുവട് വെച്ചത്. എന്നാല്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും ഈ 25കാരന്‍ എന്ത് ചെയ്യാനാ എന്ന ചോദ്യങ്ങളെ കീറിമുറിക്കുന്ന പ്രകടനം നടത്തിയാണ് ഗില്‍ ഏവരെയും അമ്പരപ്പിച്ചത്. മാത്രമല്ല രോഹിത്തിന്റെയും വിരാടിന്റെയും കരുത്തിനോളം പകരം വെക്കാവുന്ന നാല് പേരുകളാണ് പരമ്പരയില്‍ ഉദയം കൊണ്ടതും….അതെ അവരാണ് ഇന്ത്യയുടെ ഫന്റാസ്റ്റിക് ഫോര്‍സ്.

ഏറെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ 1-2ന് പിന്നിലായപ്പോള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ സമനില നേടി. വിജയത്തോളം വിലമതിക്കുന്ന ഇന്ത്യയുടെ സമനിലക്ക് ശേഷം പരമ്പരയില്‍ നാല് ഇന്ത്യന്‍ പേരുകളാണ് ഉയര്‍ന്ന് വന്നത്. ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും റിഷബ് പന്തിന്റെയും രവീന്ദ്ര ജഡേജയുടേയും പേരുകളായിരുന്നു അത്. അവിടെ ഉദയംകൊണ്ടത് ഇന്ത്യയുടെ മറ്റൊരു ഫന്റാസ്റ്റിക് ഫോര്‍സുമാണ്.

നിലവില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ ലിസ്റ്റിലുള്ള ആദ്യ നാല് താരങ്ങളും ഈ ഫന്റാസ്റ്റിക് ഫോര്‍സ് തന്നെയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും തകര്‍ത്താടിയ ഗില്ലാണ് ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 722 റണ്‍സാണ് ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചെടുത്തത്. നാലാം ടെസ്റ്റിലെ അവസാന രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് ഗില്‍ വീണ്ടും തിളങ്ങിയത്. ഇതോടെ ഒട്ടനവധി നേട്ടങ്ങള്‍ കൊയ്യാനും ഇന്ത്യന്‍ നായകന് സാധിച്ചിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സുനില്‍ ഗവാസ്‌കര്‍, ഡോണ്‍ ബ്രാഡ്മാന്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാം സെഞ്ച്വറിയാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്. മാത്രമല്ല ഒരു ഡബിള്‍ സെഞ്ച്വറിയും ഗില്‍ പരമ്പരയില്‍ നേടിയിരുന്നു. കൂടാതെ തന്റെ 25ാം വയസില്‍ 18 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു.

മാഞ്ചസ്റ്ററില്‍ നടക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ താരം എന്ന നേട്ടവും ഗില്‍ ഇതിനോടകം തന്റെ അക്കൗണ്ടിലാക്കി. എണ്ണിയാല്‍ തീരാത്ത ഗില്ലിന്റെ റെക്കോഡുകള്‍ ഇനിയുമുണ്ട്. ഇത്രയൊക്കെ മതിയായിരുന്നു ഗില്‍ ഇന്ത്യന്‍ നായകനാകാന്‍ യോഗ്യനാണെന്ന് തെളിയിക്കാന്‍.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം കെ.എല്‍ രാഹുലാണ്. എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 511 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ പൊരുതുന്നത് അത്ര സുഖകരമല്ലെങ്കിലും ഇതെല്ലാം തനിക്ക് അനായാസം സാധിക്കുമെന്ന് തെളിയിച്ചാണ് മിസ്റ്റര്‍ കോണ്‍സ്റ്റന്റ് മികവ് പുലര്‍ത്തിയത്. മാഞ്ചസ്റ്ററിലെ ആദ്യ ഇന്നിങ്സില്‍ 98 പന്തില്‍ നിന്ന് 46 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. 137, 42, 55, 2, 39, 100, 46, 90 എന്നിങ്ങനെ പരമ്പയില്‍ രാഹുല്‍ നേടിയ സ്‌കോര്‍.

മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 9071 റണ്‍സ് നേടാനും സേന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ (1782 റണ്‍സ്) എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. കൂടാതെ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ കൂട്ടുകെട്ട് എന്ന നേട്ടവും രാഹുല്‍-ഗില്‍ സഖ്യം നാലാം ടെസ്റ്റിലെ അവസാന ദിനം നേടി. 414 പന്തുകളാണ് ഇരുവരും നേരിട്ടത്. നേരത്തെ 405 പന്തുകള്‍ നേരിട്ട സഞ്ജയ് ബംഗാറിനെയും രാഹുല്‍ ദ്രാവിഡിനെയുമാണ് രാഹുല്‍ & ഗില്‍ സഖ്യം മറികടന്നത്.

ഇന്ത്യയുടെ മധ്യനിരയെ താങ്ങി നിര്‍ത്തുന്ന പ്രധാന താരമായ റിഷബ് പന്താണ് പരമ്പരയില്‍ മൂന്നാമത്തെ ടോപ് സ്‌കോറര്‍. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 479 റണ്‍സാണ് പന്ത് നേടിയത്. ക്രിക്കറ്റില്‍ ഈ പേര് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. രോമാഞ്ചം എന്താണെന്ന് അറിയിച്ചുതരുന്നതാണ് പന്തിന്റെ ഓരോ പ്രകടനങ്ങളും.

ക്രിസ് വോക്‌സില്‍ നിന്ന് ഏറ്റ പരിക്കില്‍ ഒടിവുള്ള കാല്‍ വിരലുമായാണ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് ഓള്‍ഡ് ട്രഫോഡില്‍ വീണ്ടും കളത്തിലിറങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് തന്റെ അഗ്രസീവ് ബാറ്റിങ് താരം കാഴ്ചവെച്ചത്. ജീവന്‍ നല്‍കിയും രാജ്യത്തിന് വേണ്ടി പോരാടാന്‍ തയ്യാറായ പന്തിന്റെ മനോവീര്യത്തെ ഏവരും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് പന്ത് പരമ്പരയില്‍ നിന്ന് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടുകാരുടെ സ്ലെഡ്ജിങ്ങിന് സെഞ്ച്വറിയിലൂടെ മറുപടി നല്‍കിയ സര്‍ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍മാരുടെ പട്ടികയിലുള്ള നാലാമന്‍. എട്ട് ഇന്നിങ്‌സില്‍ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി 454 റണ്‍സാണ് ജഡ്ഡു നേടിയത്. മധ്യ നിര തകര്‍ന്നാലും ഇന്ത്യ നിലം പതിച്ചിട്ടില്ലെന്ന് തുറന്ന് കാട്ടാന്‍ ജഡേജയെന്ന ഒറ്റ പേര് തന്നെ ധാരാളമാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ സമനിലയിലെത്തിക്കാനുള്ള ലക്ഷ്യം ഏറ്റെടുത്ത ജഡേജ രണ്ടാം ഇന്നിങ്‌സില്‍ 185 പന്തില്‍ നിന്ന് 107 റണ്‍സാണ് അടിച്ചെടുത്തത്.

ജഡേജക്കൊപ്പം നിന്ന് വാഷിങ്ടണ്‍ സുന്ദറും സെഞ്ച്വറി നേടി മികവ് തെളിയിച്ചു. മധ്യനിരതകര്‍ന്നാല്‍ ഇന്ത്യയെ അനായാസം തകര്‍ക്കാം എന്ന് കരുതിയ എതിരാളികള്‍ക്ക് ജഡേജയെന്ന വന്‍മരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. ജഡ്ഡുവിന്റെ സീനിയോരിറ്റിക്ക് മുമ്പില്‍ നാണംകെടേണ്ടി വന്ന ഇംഗ്ലണ്ടിനെയും മാഞ്ചസ്റ്ററില്‍ കാണാന്‍ സാധിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ റണ്‍സ് വേട്ടയില്‍ ഇന്ത്യയുടെ ആധിപത്യം വളരെ വ്യക്തമാണ്.

അതേസമയം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി. എന്ത് വില നല്‍കിയും പരമ്പര സമനിലയില്‍ പിടക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. മാത്രമല്ല വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പുതിയ തന്ത്രങ്ങള്‍ ഓവലില്‍ ഇന്ത്യക്ക് വിജയം നല്‍കുമോ എന്നത് കണ്ടറിയേണം… കാത്തിരിക്കാം നമുക്കാ വിജയത്തിനായി!

Content Highlight: India VS England: Shubman Gill, KL Rahul, Rishabh Pant and Ravindra Jadeja are the top four run-scorers in the England series

 

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more