ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ ഓള്‍ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബെന്‍ സ്റ്റോക്സിനും സംഘത്തിനും സമനില വഴങ്ങേണ്ടി വന്നത്.
ഇതോടെ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ നടക്കാനിരിക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദി ഓവലാണ് വേദി. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
1936 മുതല്‍ ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. ഈ വേദിയില്‍ ഇന്ത്യ ആദ്യമായി വിജയിക്കുന്നത് 1971ലാണ്. രണ്ടാം വിജയം 2021ലുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അജിക് വധേക്കര്ഡ, വിരാട് കോഹ്‌ലി എന്നീ ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് യധാക്രമം ഓവലില്‍ വിജയിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ 25കാരനായ ഇന്ത്യന്‍ ക്യാപ്റ്റനും ഓവലില്‍ വിജയിക്കാനുള്ള അവസരമാണ് വന്നെത്തിയത്. നിര്‍ണായകമായ അവസാനത്തെ മത്സരത്തില്‍ ഗില്ലിന് വിജയിക്കാന്‍ സാധിച്ചാല്‍ ഓവലില്‍ വിജയിക്കുന്ന ഇതിഹാസ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലെത്താനും താരത്തിന് സാധിക്കും.
അതേസമയം വരാനിരിക്കുന്ന മത്സരത്തില്‍ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിനായി കളത്തിലിറങ്ങുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്.
പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ വിജയം അനിവാര്യമായ അഞ്ചാം ടെസ്റ്റില്‍ ബുംറയുടെ സേവനം ലഭ്യമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിലവില്‍ പരിക്കുളൊന്നുമില്ലെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. മാത്രമല്ല അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ബുംറയുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് ക്യാപ്റ്റന്‍ ഗില്ലും പറഞ്ഞിരുന്നു.