ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് മുമ്പില്‍. ലീഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. അതേസമയം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.
പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 607 റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്രമല്ല ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് വെറും 167 റണ്‍സ് നേടിയാല്‍ ഒരു ചരിത്ര നേട്ടമാണ് ഗില്ലിനെ കാത്തിരിക്കുന്നത്.
ഒരു ടെസ്റ്റ് പരമ്പയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ്. നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള യശസ്വി ജെയ്‌സ്വാളിനെ മറികടക്കാന്‍ ഗില്ലിന് വേണ്ടത് 105 റണ്‍സുമാണ്. വരാനിരിക്കുന്ന നിര്‍ണായക ടെസ്റ്റില്‍ ഗില്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് ഏറെ ഉറപ്പാണ്.
സുനില്‍ ഗവാസ്‌കര്‍ – 774 – വെസ്റ്റ് ഇന്‍ഡീസ്
യശസ്വി ജെയ്‌സ്വാള്‍ – 712 – ഇംഗ്ലണ്ട്
ശുഭ്മന്‍ ഗില്‍ – 607 – ഇംഗ്ലണ്ട്
അതേസമയം മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയും സംഭവിച്ചിരിക്കുകയാണ്. പരിശീലനഘട്ടത്തില്‍ പരിക്ക് പറ്റിയ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി. പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരവും താരത്തിന് നഷ്ടപ്പെടുമെന്നാണ് പുതിയ വിവരം.
മാത്രമല്ല പരിശീലന സെഷനില്‍ സൂപ്പര്‍ പേസര്‍മാരായ ആകാശ് ദീപിനും അര്‍ഷ്ദീപ് സിങ്ങിനും പരിക്ക് പറ്റിയത് ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ണായകമായ നാലാം മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന കാര്യം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: India VS England: Shubhman Gill Need 167 Runs To Achieve Great Record Achievement