| Thursday, 3rd July 2025, 7:34 pm

ഇംഗ്ലണ്ടില്‍ ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റന്‍ ഗില്‍; ഇതുവരെ ഒരു ഇന്ത്യക്കാരനും നേടാന്‍ സാധിക്കാത്ത വമ്പന്‍ റെക്കോഡാണ് ഇവന്‍ തൂക്കിയത്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം തുടങ്ങിയപ്പോള്‍ 122 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 472 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറുമാണ്. ഇരട്ട സെഞ്ച്വറി നേടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നത്. 311 പന്തില്‍ നിന്നാണ് ക്യാപ്റ്റന്‍ തന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഗില്ലിന് സാധിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്ലിന് സാധിച്ചത്. മാത്രമല്ല ഈ ലിസ്റ്റില്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, സ്‌കോര്‍, വേദി, വര്‍ഷം

ശുഭ്മന്‍ ഗില്‍ – 200* – ബിര്‍മിങ്ഹാം – 2025

മുഹമ്മദ് അസറുദ്ദീന്‍ – 179 – മാഞ്ചസ്റ്റര്‍ – 1990

വിരാട് കോഹ്‌ലി – 149 – ബിര്‍മിങഹാം – 2018

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 148 – ലീഡ്സ് – 1967

മാത്രമല്ല മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ജഡേജ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് നേടിയാണ് പുറത്തായത്. 137 പന്തില്‍ 10 ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 89* റണ്‍സ് നേടിയാണ് താരം ജോഷ് ടംഗിന് ഇരയായി മടങ്ങിയത്. നിലവില്‍ ഗില്ലിനൊപ്പമുള്ള സുന്ദര്‍ 61 പന്തില്‍ 21 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയാണ് മടങ്ങിയത്. കെ.എല്‍. രാഹുല്‍ രണ്ട് റണ്‍സിനും കരണ്‍ നായര്‍ 31 റണ്‍സിനും പുറത്തായി. പ്രതീക്ഷ നിലനിര്‍ത്താതെ പന്ത് 25 റണ്‍സിനും അവസരം മുതലാക്കാന്‍ സാധിക്കാതെ നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി. രാഹുലിന്റേയും റെഡ്ഡിയുടേയും വിക്കറ്റ് വീഴ്ത്തിയത് ക്രിസ് വോക്‌സാണ്. നിലവില്‍ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Content Highlight: India VS England: Shubhman Gill In Great Record Achievement In Tendulkar – Anderson Trophy

We use cookies to give you the best possible experience. Learn more