ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 387 റണ്‍സിനൊപ്പമെത്തിയാണ് ഇന്ത്യയും തുടര്‍ ബാറ്റ് ചെയ്ത് രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ്ങിനിറങ്ങിയത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 192 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നിലവില്‍ നേടിയത്. മൂന്നാം ടെസ്റ്റില്‍ വിജയം നേടാനും പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയ്ക്ക് ഇനി വേണ്ടത് 135 റണ്‍സ് മാത്രമാണ്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 33 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ്.
മത്സരത്തിലെ നാലാം ദിവസം ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് യശസ്വി ജെയ്‌സ്വാളിനെയാണ്. പൂജ്യം റണ്‍സിന് ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. കരുണ്‍ നായര്‍ 14 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആറ് റണ്‍സിനും പുറത്തായത് വലിയ തരിച്ചടിയായിരുന്നു. ബ്രൈഡന്‍ കാഴ്‌സിക്കാണ് ഇരുവരുടേയും വിക്കറ്റ്. ശേഷം ഇറങ്ങിയ ആകാശ് ദീപിനെ ഒരു റണ്‍സിന് ബെന്‍ സ്റ്റോക്‌സും മടക്കിയയച്ചു.
ആദ്യ രണ്ട് ടെസ്റ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച ഗില്‍ മൂന്നാം മത്സരത്തില്‍ ഫോം നഷ്ടപ്പെടുന്ന കാഴ്ചയാണുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സാണ് നേടിയതെങ്കിലും ഒരു വമ്പന്‍ റെക്കോഡാണ് തൂക്കിയത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് താരം ഒന്നാമനായത്.
ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ് (വര്‍ഷം) എന്ന ക്രമത്തില്‍
ശുഭ്മന്‍ ഗില്‍ – 607 (2025)
രാഹുല്‍ ദ്രാവിഡ് – 602 (2002)
വിരാട് കോഹ്‌ലി – 593 (2018)
സുനില്‍ ഗവാസ്‌കര്‍ – 542 – (1979)
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ടീമിന്റെ ടോപ് സ്‌കോററായ ജോ റൂട്ട് തന്നെയാണ് രണ്ടാം ഇന്നിങ്സിലും ടീമിന്റെ ടോപ് സ്‌കോറര്‍. 96 പന്തില്‍ 40 റണ്‍സാണ് റൂട്ട് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 96 പന്ത് നേരിട്ട് 33 റണ്‍സും സ്വന്തമാക്കി.
നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്തിലാണ് നാലാം ദിവസം തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജെയ്മി സ്മിത്, ഷോയബ് ബഷീര്‍ എന്നിവരുടെ വിക്കറ്റുകളാണ് സുന്ദര്‍ പിഴുതെറിഞ്ഞത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്ന സ്വപ്ന നേട്ടമാണ് ഗില്ലും സംഘവും ലക്ഷ്യം വെക്കുന്നത്. ഇതിന് മുമ്പ് ലോര്‍ഡ്സില്‍ 19 മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങി. എന്നാല്‍ വിജയിച്ചത് വെറും മൂന്ന് മത്സരത്തില്‍ മാത്രം. 15.70 എന്ന വിജയശതമാനം മാത്രമാണ് ലോര്‍ഡ്സില്‍ ഇന്ത്യയ്ക്കുള്ളത്.
Content Highlight: India VS England: Shubhman Gill In Great Record Achievement Against England