| Thursday, 31st July 2025, 6:08 pm

ഗവാസ്‌കറിന്റെ ആദ്യ റെക്കോഡ് വീണു; പക്ഷെ ഗില്ലിന്റെ ലക്ഷ്യം ഇതൊന്നുമല്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.

നിലവില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ രണ്ട് റണ്‍സിനാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗസ് ആറ്റ്കിങ്‌സനാണ് വിക്കറ്റ്. കെ.എല്‍. രാഹുലിന്റെ നിര്‍ണായക വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ സ്‌കോര്‍ 38 റണ്‍സില്‍ നില്‍ക്കവെയാണ് രാഹുലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കി മടക്കിയയച്ചത്. 40 പന്തില്‍ 14 റണ്‍സുമായാണ് താരം മടങ്ങിയത്.

നിലവില്‍ 15* റണ്‍സുമായി ക്യാപ്റ്റന്‍ ഗില്ലും 25* റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസിലുള്ളത്. നേടിയത് 15 റണ്‍സാണെങ്കിലും ഒരു ഇതിഹാസ റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെ മറികടക്കാനാണ് ഗില്ലിന് സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഗില്ലിന് സാധിച്ചത്.

നേരത്തെ ഗവാസ്‌കര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ റെക്കാഡാണിപ്പോള്‍ ഗില്‍ മറികടന്നത്. എന്നാല്‍ ഈ നേട്ടത്തില്‍ ഏറ്റവും മുന്നിലുള്ളതും ഗവാസ്‌കര്‍ തന്നെയാണ്. 1971ല്‍ വിന്‍ഡീസിനെതിരെ മുന്‍ ഗവാസ്‌കര്‍ നേടിയത് 774 റണ്‍സാണ്. ഈ ലക്ഷ്യത്തില്‍ ഗില്ലിനെത്താന്‍ ഇനി ചെറിയ ദൂരം മാത്രമേ ഉള്ളൂ. നിലവില്‍ 737* റണ്‍സാണ് പരമ്പരയില്‍ നിന്ന് ഗില്‍ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താര, എതിരാളി, റണ്‍സ്

സുനില്‍ ഗവാസ്‌കര്‍ – വെസ്റ്റ് ഇന്‍ഡീസ് – 774

ശുഭ്മന്‍ ഗില്‍ – ഇംഗ്ലണ്ട് – 737*

സുനില്‍ ഗവാസ്‌കര്‍ – വെസ്റ്റ് ഇന്‍ഡീസ് – 732

യശസ്വി ജെയ്‌സ്വാള്‍ – ഇംഗ്ലണ്ട് – 712

വിരാട് കോഹ്‌ലി – ഓസ്‌ട്രേലിയ – 692

നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 2-1ന് മുന്നിലുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കി സമനില നേടാനാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്.

Content Highlight: India VS England: Shubhman Gill In Great Record Achievement

We use cookies to give you the best possible experience. Learn more