| Tuesday, 1st July 2025, 9:41 am

മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളി, എന്നാല്‍ ഒറ്റ വിജയം മതി ഇവന്റെ തലവര മാറ്റാന്‍; ഗില്ലിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

എന്നാല്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇതുവരെ ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇരുവരും തമ്മില്‍ എട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് മത്സരത്തിലും വിജയിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒരു സമനില മാത്രമാണ് നേടാന്‍ സാധിച്ചത്.

വരാനിരിക്കുന്ന മത്സരത്തില്‍ വിജയം നേടാന്‍ സാധിച്ചാല്‍ ഒരു സൂപ്പര്‍ നേട്ടമാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കഴിഞ്ഞ എട്ട് ടെസ്റ്റിലും ഇന്ത്യയെ നയിച്ച നായകന്‍മാര്‍ക്ക് പോലും നേടാന്‍ സാധിക്കാത്ത വമ്പന്‍ നേട്ടം ഗില്‍ സ്വന്തമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

എഡ്ജ്ബാസ്റ്റണില്‍ ഗില്ലിന് വിജയം നേടാന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും ഒപ്പമുണ്ടായേക്കാമെന്ന ആശ്വാസ വാര്‍ത്തയും നേരത്തെ വന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരത്തിന്റെ അധിക ജോലി ഭാരം കുറക്കാനായിരുന്നു മാനേജ്മെന്റ് തീരുമാനമെടുത്തത്.

ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റാണ് ബുംറ രണ്ടാം ടെസ്റ്റില്‍ ഉണ്ടായേക്കുമെന്ന് വെളിപ്പെടുത്തിയത്. ബുംറ ഫിറ്റാണെന്നും രണ്ടാം ടെസ്റ്റിനുള്ള സെലഷന് ലഭ്യമാണെന്നും ഡോഷേറ്റ് പറഞ്ഞു. മാത്രമല്ല ബുംറയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത് മാനേജ്മെന്റാണെന്നും ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു. ബുംറയുടെ സേവനമുണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

അതേസമയം ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

Content Highlight: India VS England: Shubhman Gill has a chance to break a huge record In Test Cricket Against England

We use cookies to give you the best possible experience. Learn more